Top Stories
സംസ്ഥാനത്ത് ഇന്ന് 9 പേർക്ക് കൂടി കൊറോണ
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് (ബുധനാഴ്ച) 9 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. കണ്ണൂരിൽ നാലുപേർക്കും ആലപ്പുഴയിൽ രണ്ടുപേർക്കും പത്തനംതിട്ട, തൃശ്ശൂർ, കാസർകോട് എന്നിവിടങ്ങളിൽ ഓരോരുത്തർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ നാലുപേർ വിദേശത്തുനിന്നു വന്നവരാണ്. രണ്ടുപേർ ഡൽഹിയിലെ നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്തു മടങ്ങിയെത്തിയവരാണ്. മൂന്നുപേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം പകർന്നത്. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്.
നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്ത 212 പേരെയാണ് സംസ്ഥാനത്ത് ഇതുവരെ കണ്ടെത്തിയത്. ഇവരിൽ ഇന്നു രോഗം സ്ഥിരീകരിച്ച രണ്ടുപേർ ഉൾപ്പെടെ ആകെ 15 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് ഇതുവരെ 345 പേർക്കാണ് ആകെ രോഗം സ്ഥിരീകരിച്ചത്. ഇതിൽ 259 പേർ വിവിധ ആശുപത്രിയിൽ ചികിത്സയിലുണ്ട്.ഇന്ന് മാത്രം169 പേരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 13 പേരുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവ് ആയിട്ടുണ്ട്. തിരുവവനന്തപുരം, തൃശ്ശൂർ ജില്ലകളിൽനിന്ന് മൂന്നുപേർ വീതവും ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിൽനിന്ന് രണ്ടുപേർവീതവും കണ്ണൂർ ജില്ലയിൽനിന്ന് ഒരാളുടെയും പരിശോധനാഫലമാണ് നെഗറ്റീവ് ആയത്.
1,40,474 പേർ സംസ്ഥാനത്ത് നിരീക്ഷണത്തിലുണ്ട്. 1,39,725 പേർ വീടുകളിലും 749 പേർ ആശുപത്രികളിലും നിരീക്ഷണത്തിൽ കഴിയുന്നുണ്ട്. 11,986 സാമ്പിളുകൾ പരിശോധനക്ക് അയച്ചു. ഇതിൽ10,906 എണ്ണം നെഗറ്റീവ് ആയി.