Top Stories
ലോക്ക് ഡൗണിൽ ഇളവ് കേന്ദ്രസർക്കാർ നിലപാട് അറിഞ്ഞശേഷം
തിരുവനന്തപുരം : സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണവിധേയമെന്ന് മന്ത്രിസഭ വിലയിരുത്തി. ലോക്ക് ഡൗണിൽ ഇളവ് അനുവദിക്കുന്ന കാര്യത്തിൽ കേന്ദ്രസർക്കാരിന്റെ നിലപാട് അറിഞ്ഞശേഷം തീരുമാനമെടുക്കാമെന്നും സംസ്ഥാന മന്ത്രിസഭാ യോഗം തീരുമാനിച്ചു.
ഈമാസം 13 ന് ചേരുന്ന സംസ്ഥാന മന്ത്രിസഭായോഗത്തിലായിരിക്കും ലോക്ക് ഡൗണിനെ പറ്റി അന്തിമ തീരുമാനമെടുക്കുക. എല്ലാ നിയന്ത്രണങ്ങളും ഒറ്റയടിക്ക് പിൻവലിക്കാതെ ഘട്ടം ഘട്ടമായി ഇളവുവരുത്തണമെന്നാണ് കേരളത്തിന്റെ ആവശ്യം.
കൊവിഡ് കേസുകളുടെ എണ്ണത്തിൽ സംസ്ഥാനത്ത് രണ്ട് ദിവസങ്ങളായി കുറവുണ്ടായി.
കൊവിഡ് കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്ത പല ജില്ലകളിലും ഇപ്പോൾ സ്ഥിതി മെച്ചപ്പെട്ടു. ഹോട്ട് സ്പോട്ടുകളായി പ്രഖ്യാപിച്ചിരുന്ന കേരളത്തിലെ ഏഴ് ജില്ലകളിൽ തൃശൂർ,കണ്ണൂർ, എറണാകുളം, തിരുവനന്തപുരം ജില്ലകളിൽ രോഗ വ്യാപനത്തിന്റെ സൂചനകളില്ലാത്തത് ആരോഗ്യവകുപ്പിന് ആശ്വാസമായി.
സ്ഥിതിഗതികൾ സങ്കീർണമായ കാസർകോഡ് ജില്ലയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നുള്ള പ്രത്യേക മെഡിക്കൽ സംഘത്തിന്റെ സേവനവും കർണാടകയിലെ മംഗളുരുവിലേക്ക് രോഗികളുമായി പോകുന്ന വാഹനങ്ങൾക്ക് പരിശോധനകൾക്ക് ശേഷം പ്രവേശനാനുമതി നൽകാനുള്ള തീരുമാനവും സംസ്ഥാനത്തിന്റെ വടക്കൻ അതിർത്തിയിലെ ആശങ്കകൾക്കും പിരിമുറുക്കങ്ങൾക്കും അയവ് വരുത്തിയിട്ടുണ്ടന്നും മന്ത്രിസഭാ യോഗം വിലയിരുത്തി.
അതേസമയം, സംസ്ഥാന മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച രണ്ടാം വട്ട വീഡിയോ കോൺഫറൻസ് നടത്തും. ലോക്ക്ഡൗൺ നീട്ടുന്നതുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനം ഈ യോഗത്തിന് ശേഷമുണ്ടാകും. ലോക്ക്ഡൗണിന് ശേഷം സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ച് മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി ചർച്ച ചെയ്യും. ആദ്യ വീഡിയോ കോൺഫറൻസിൽ ലോക്ക്ഡൗൺ പിൻവലിക്കുന്നതുമായി ബന്ധപ്പെട്ട നിർദേശങ്ങൾ പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നു