Top Stories
ശബരിമലയിൽ വിഷുവിന് ഓൺലൈൻ വഴിപാട് നടത്താം
തിരുവനന്തപുരം : ലോക്ക് ഡൌൺ കാരണം ഭക്തർക്ക് പ്രവേശന വിലക്കുള്ളതിനാൽ തിരുവിതാംകൂർ ദേവസ്വംബോർഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളിൽ ഓൺലൈൻ വഴിപാടിന് സൗകര്യം ഏർപ്പെടുത്താൻ ഒരുങ്ങി ദേവസ്വം ബോർഡ്. ചൊവ്വാഴ്ച ചേർന്ന ബോർഡിന്റെ യോഗത്തിലാണ് തീരുമാനം. ശബരിമലയിൽ വിഷുവിനുതന്നെ ഓൺലൈൻ വഴിപാടിന് ക്രമീകരണമാകുമെന്ന് ബോർഡ് പ്രസിഡന്റ് എൻ. വാസു പറഞ്ഞു.
കോവിഡിനെത്തുടർന്ന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് ദേവസ്വം ബോർഡ്. ഇതിനെ തുടർന്നാണ് ഓൺലൈൻ ഓൺലൈൻ വഴിപാട് പദ്ധതി നടപ്പിലാക്കാൻ തീരുമാനിച്ചത്. ഇതിന് ബാങ്കുകളുമായി ധാരണയുണ്ടാക്കും. ശബരിമലയ്ക്കുശേഷം മറ്റ് പ്രധാന ക്ഷേത്രങ്ങളിലും തുടർന്ന് എല്ലാ ക്ഷേത്രങ്ങളിലും ഇത് നടപ്പാക്കാനാണ് തീരുമാനം. ഗണപതിഹോമം, നീരാഞ്ജനം, ഭഗവതിസേവ, അർച്ചന തുടങ്ങിയവയാണ് ഓൺലൈൻ വിഭാഗത്തിൽ ഉൾപ്പെടുത്തുക.
ഏപ്രിൽ 14-നുശേഷം ക്ഷേത്രങ്ങളിലെ നിയന്ത്രണം കേന്ദ്ര, സംസ്ഥാന സർക്കാരുകൾ നിർദേശിക്കുന്നതുപോലെ നടപ്പാക്കും. നിയന്ത്രണത്തിൽ സർക്കാർ ഇളവുവരുത്തിയാൽപ്പോലും ശബരിമലയിൽ തീർഥാടകരെ പ്രവേശിപ്പിക്കില്ല. സാമ്പത്തിക പ്രതിസന്ധിയുണ്ടെങ്കിലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരുകോടി രൂപ നൽകാനും ബോർഡ് യോഗം തീരുമാനിച്ചു.