News
അന്ത്യ അത്താഴത്തിന്റെ സ്മരണയിൽ ഇന്ന് പെസഹാവ്യാഴം
കൊച്ചി : അന്ത്യ അത്താഴത്തിന്റെ സ്മരണയിൽ ലോകം മുഴുവനുള്ള ക്രൈസ്തവ വിശ്വാസികൾ ഇന്ന് പെസഹ വ്യാഴം ആചരിക്കുന്നു. കാൽകഴുകൽ ശുശ്രൂഷയോ വിശുദ്ധവാരത്തിലെ കുമ്പസാരമോ ഇല്ലാതെയാണ് ഇത്തവണത്തെ പെസഹാവ്യാഴം. കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ രാവിലെ മുതൽ തന്നെ പ്രത്യേക പ്രാർത്ഥനകൾ ആരംഭിച്ചു.
കൊവിഡ് വ്യാപന ഭീഷണിയുടെയും ലോക് ഡൗൺ നിയന്ത്രണങ്ങളുടെയും പശ്ചാതലത്തിൽ ജനപങ്കാളിത്തമില്ലാതെയാണ് പള്ളികളിലെ പ്രാർത്ഥനാ ചടങ്ങുകൾ നടക്കുന്നത്. വിശ്വാസികൾക്ക് ചടങ്ങുകൾ ഓൺലൈനായി വീട്ടിലിരുന്ന് കാണാൻ പള്ളികൾ സൗകര്യം ഒരുക്കിയിട്ടുണ്ട്.
കുരിശിലേറുന്നതിന് മുമ്പ് ശിഷ്യൻമാർക്കൊപ്പം ക്രിസ്തു ദേവൻ അന്ത്യ അത്താഴം കഴിച്ചതിന്റെ ഓർമയിലാണ് വിശ്വാസികൾ പെസഹ വ്യാഴം ആചരിക്കുന്നത്. അന്ത്യ അത്താഴ വേളയിൽ ക്രിസ്തു ശിഷ്യൻമാരുടെ കാലുകൾ കഴുകിയിരുന്നു. ഇതിന്റെ ഓർമയ്ക്കായാണ് ദേവാലയങ്ങളിൽ നടത്തുന്ന കാൽകഴുകൽ ശുശ്രൂഷ നടത്തുന്നത്. ക്രിസ്തുവിന്‍റെ ശരീരവും രക്തവും അപ്പവും വീഞ്ഞുമെന്ന രൂപത്തില്‍ നല്‍കുന്ന ചടങ്ങ് തുടങ്ങിവച്ചത് പെസഹ വ്യാഴാഴ്ചയാണ്. ത്യാഗത്തിന്‍റെയും സഹനത്തിന്‍റെയും ഓർമപ്പെടുത്തലാണ് പെസഹ വ്യാഴം.