News
സവാള ചാക്കിനുള്ളിൽ കടത്തുകയായിരുന്ന 50,000 പായ്ക്കറ്റ് നിരോധിത പുകയില ഉല്പന്നങ്ങൾ പിടികൂടി

മട്ടന്നൂർ എക്‌സൈസ് ഇൻസ്പെക്ടർ എ.കെ. വിജേഷിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ചാവശ്ശേരി 19 മൈലിൽ വെച്ചാണ് പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തത്.
മൈസൂരിൽ നിന്ന് വയനാട് വഴിയാണ് KL – 14 F 3524 നമ്പർ ബെലോറ പിക് അപ് വാഹനത്തിൽ ഉള്ളി ചാക്കുകൾക്ക് ഇടയിൽ ഒളിപ്പിച്ചു വെച്ച് നിലയിലാണ് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തത്. എക്സൈസ് പാർട്ടിയെ കണ്ട് വാഹനത്തിലുണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ടു.
മട്ടന്നൂർ, ഉളിയിൽ ,നരയൻപാറ എന്നിവിടങ്ങളിൽ നിരോധിത പുകയില വസ്തുക്കൾ വ്യാപകമായി വില്പന നടത്തുന്നതിനെതിരെ എക്സൈസ് ശക്തമായ നടപടിയെടുത്തു കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഇത്രയും വലിയ ശേഖരം മട്ടന്നൂർ റെയിഞ്ച് പാർട്ടി കണ്ടെത്തുന്നത്. കടത്തി കൊണ്ടുവന്നവരെ കുറിച്ച് വിവരം ലഭിച്ചിട്ടുള്ളതും ഇവർക്കെതിരെ നിയമ നടപടി സ്വീകരിക്കുന്നതുമാണ്. പ്രിവന്റീവ് ഓഫീസർമാരായ ബഷീർ പിലാട്ട്, അനിൽകുമാർ പി.കെ, ഷാജി കെ.കെ., സിവിൽ എക്സൈസ് ഓഫീസർ ന്മാരായ ശ്രീനാഥ് പി, സുഹൈൽ പി.പി. എന്നിവർ റെയ്ഡിൽ പങ്കെടുത്തു.
നിരോധിത പുകയില ഉല്പന്നങ്ങൾ ഒളിപ്പിച്ചു കൊണ്ട് വരുമ്പോൾ പിടിക്കപ്പെട്ട ഉള്ളി ചാക്കുകൾ കോവിഡ്- 19 ന്റ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നടത്തുന്ന സാമൂഹ്യ അടുക്കളയ്ക്ക് വീതിച്ചു നൽകി. മട്ടന്നൂർ ,ഇരിട്ടി, കൂടാളി, കീഴല്ലൂർ, തില്ലങ്കേരി, മുഴക്കുന്ന്, പടിയൂർ എന്നിവിടങ്ങളിലെ സാമൂഹിക അടുക്കളകളിലാണ് എക്സൈസ് സംഘം ഉള്ളി എത്തിച്ചു നൽകിയത്. 
