Top Stories

രാജ്യത്ത് കൊവിഡ് മരണം166 ആയി;കേരളത്തിൽ കോവിഡ് ഭീഷണി അകലുന്നു

ഡൽഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 17 കോവിഡ് മരണം റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്ത് കൊവിഡ് മരണസംഖ്യ 166 ആയി. 5734 പേർക്കാണ് രാജ്യത്ത് ആകെ കോവിഡ് ബാധിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 540 പേർക്കാണ് രോഗം ബാധിച്ചത്.

ഇന്ത്യയിൽ ഏറ്റവും കൂടുതൽ കൊവിഡ് രോഗികളുള്ള മഹാരാഷ്ട്രയിലെ സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. 24 മണിക്കൂറിനിടെ 117 പേർക്ക് രോഗം സ്ഥിരീകരിച്ചു. മുംബൈയിലെ രോഗബാധിതരുടെ എണ്ണം 700 കവിഞ്ഞു. ധാരാവി അടക്കമുള്ള ജനസാന്ദ്രതയുള്ള മേഖലകളിൽ രോഗം വ്യാപിക്കുന്നതിന്റെ ആശങ്കയിലാണ് സർക്കാർ. അതിനിടെ ധാരാവിയിൽ വീണ്ടും കൊവിഡ് മരണം റിപ്പോർട്ട് ചെയ്തു. ചികിത്സയിലായിരുന്ന 64 കാരനാണ് മരിച്ചത്. കൊവിഡിനെ നിയന്ത്രിക്കാൻ മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങുന്നത് മുംബൈയിൽ കുറ്റകരമാക്കി.

തമിഴ്നാട്ടില്‍ കൊവിഡ് ബാധിതര്‍ എഴുന്നൂറ് കടന്നു. ഇന്നലെ രോഗം സ്ഥിരീകരിച്ച 48 പേരില്‍ 42ഉം നിസാമുദ്ദീനില്‍ നിന്ന് തിരിച്ചെത്തിയവരും ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരുമാണ്. 156 പേരാണ് ചെന്നൈ നഗരത്തില്‍ മാത്രം കൊവിഡ് ബാധിതര്‍. ഇതോടെ നഗരത്തിലെ 67 സ്ഥലങ്ങള്‍ രോഗബാധിത മേഖലയായി പ്രഖ്യാപിച്ചു.

രോഗവ്യാപനം തടയാൻ ഉത്തർപ്രദേശിലെ 15 ജില്ലകൾ ഇന്നലെ അർദ്ധരാത്രി മുതൽ പൂർണമായും അടച്ചിട്ടു. ഏപ്രിൽ 13 വരെ പൂർണമായും അടച്ചിടാനാണ് ഉത്തരവ്. കൂടാതെ ഡൽഹിയിൽ ഹോട്ട്‌സ്‌പോട്ട് ആയി പ്രഖ്യാപിച്ച ദിൽഷാദ് ഗാർഡൻ, പഡ്പഡ്ഗഞ്ച് , നിസാമുദ്ദീൻ ബസ്തി തുടങ്ങിയ 20 പ്രദേശങ്ങൾ സീൽ ചെയ്തു. ഡൽഹിയിൽ വീടിന് പുറത്തിറങ്ങുമ്പോൾ നിർബന്ധമായും മാസ്‌ക് ധരിക്കണമെന്ന് നിർദേശമുണ്ട്.

അതേസമയം, കേരളത്തിൽ കോവിഡ് വ്യാപനം അവസാനിക്കുന്നുവെന്ന നിഗമനത്തിലാണ് ആരോഗ്യ വകുപ്പ്. രോഗബാധിതരുടെ ശരാശരി എണ്ണം തുടർച്ചയായി ആറാം ദിവസവും പത്തിൽ കൂടാത്തതാണ് പ്രതീക്ഷ നൽകുന്നത്. മാത്രവുമല്ല കഴിഞ്ഞ രണ്ട് ദിവസമായി പുതുതായി രോഗം സ്ഥിരീകരിക്കുന്നവരേക്കാൾ കൂടുതലാണ് രോഗവിമുക്തി നേടുന്നവരുടെ എണ്ണം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button