Top Stories

രാജ്യത്ത് ആദ്യമായി കോവിഡിനെതിരെ പ്ലാസ്മ ചികിത്സ പരീക്ഷണത്തിനൊരുങ്ങി കേരളം

തിരുവനന്തപുരം : രാജ്യത്ത് ആദ്യമായി കോവിഡിനെതിരെ പ്ലാസ്മ ചികിത്സ പരീക്ഷണത്തിനൊരുങ്ങി കേരളം. രോഗം ഭേദമായവരുടെ രക്തത്തില്‍നിന്ന് വേര്‍തിരിക്കുന്ന ആന്‍റിബോഡി ഉപയോഗിച്ചുള്ള “കോണ്‍വാലസെന്‍റ് പ്ലാസ്മ തെറാപ്പി” ചികിത്സ പരീക്ഷിക്കാന്‍ ഐസിഎംആര്‍ സംസ്ഥാനത്തിന് അനുമതി നല്‍കി. രാജ്യത്ത് ആദ്യമായാണ് പ്ലാസ്മ തെറാപ്പി പരീക്ഷിയ്ക്കാൻ ഒരു സംസ്ഥാനത്തിന് അനുമതി ലഭിക്കുന്നത്.

ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്, രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബയോടെക്നോളജി എന്നിവിടങ്ങളിലായാണ് ഇതുസംബന്ധിച്ച പരീക്ഷണങ്ങള്‍ നടക്കുക. കൂടാതെ കേരളത്തിലെ അഞ്ച് മെഡിക്കല്‍ കോളേജുകളിലായി പരീക്ഷണങ്ങള്‍ നടത്തും. കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ അനൂപിനാണ് ഏകോപന ചുമതല.

കോവിഡ് ബാധിച്ച്‌ രോഗമുക്തരായവരില്‍ വൈറസിനെ ചെറുക്കുന്ന ആന്റിബോഡി രക്തത്തില്‍ ഉണ്ടാകും. രക്തത്തിലെ ഈ ആന്റിബോഡി ഉപയോഗിച്ച്‌ ചികിത്സിക്കുന്ന രീതിയാണ് “കോണ്‍വാലസെന്‍റ് പ്ലാസ്മ തെറാപ്പി”. ഇത്തരത്തില്‍ രക്തത്തില്‍നിന്ന് വേര്‍തിരിക്കുന്ന ആന്‍റിബോഡി ചികിത്സയിലുള്ള കോവിഡ് 19 രോഗിയില്‍ കുത്തിവെക്കുകയാണ് ചെയ്യുന്നത്. തുടർന്ന് ആന്റി ബോഡീസ് കോവിഡ് വൈറസിനെതിരെ പ്രവർത്തിയ്ക്കുകയും വൈറസിനെ നിർവീര്യമാക്കുകയും ചെയ്യും.

എന്നാൽ, ഐസിഎംആര്‍ അനുമതിയ്ക്ക് പുറമെ ഡ്രഗ് കണ്‍ട്രോളര്‍ ഓഫ് ഇന്ത്യ, എത്തിക്സ് കമ്മിറ്റി എന്നിവയുടെ കൂടി അംഗീകാരം ലഭിച്ച ശേഷമേ ഇവ ഉപയോഗിച്ചു തുടങ്ങാന്‍ സാധിക്കുകയുള്ളു. രോഗമുക്തി നേടിയവരുടെ പ്ലാസ്മ ശേഖരിക്കാനുള്ള അനുമതി ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിന് സംസ്ഥാനം നേരത്തെ നല്‍കിയിരുന്നു. രാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജിയിലും ആന്‍റിബോഡി പരിശോധന നടത്തും.

ചൈനയിലും അമേരിക്കയിലും അടക്കം പ്ലാസ്മ ചികിത്സാ പരീക്ഷിച്ചു വിജയിച്ചിട്ടുണ്ട് . ചൈനയിലെ രണ്ട് ആശുപത്രികളിലാണ് കോവിഡ് 19ന് എതിരെ പ്ലാസ്മ തെറാപ്പി ചികിത്സ ആദ്യം ഉപയോഗിച്ചത്. പിന്നീട് ദക്ഷിണകൊറിയയിലും ഇത് പ്രയോഗിച്ചു. ഈ ചികിത്സ 100 ശതമാനം വിജയമാണെന്നാണ് വിവിധ ശാസ്ത്രജ്ഞന്‍മാര്‍ അറിയിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button