News
ലോക്ക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ നൽകി സർക്കാർ
തിരുവനന്തപുരം : കൊവിഡ് 19 പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ നൽകി സർക്കാർ. എയര്‍കണ്ടീഷണര്‍, ഫാന്‍, കണ്ണടകൾ എന്നിവ വില്‍ക്കുന്ന കടകള്‍ക്കും, ബീഡി തൊഴിലാളികൾക്കും, കളിമൺ മേഖലയിൽ തൊഴിൽ ചെയ്യുന്നവർക്കുമാണ് ഇളവ് ഏർപ്പെടുത്തിയത്.
എയര്‍കണ്ടീഷണര്‍, ഫാന്‍ എന്നിവ വില്‍ക്കുന്ന കടകള്‍ ഞായറാഴ്ച തുറക്കാമെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഞായറാഴ്ചകളില്‍ രാവിലെ പത്ത് മണിമുതല്‍ വൈകുന്നേരം അഞ്ച്മണിവരെയാണ് ഇത്തരം കടകള്‍ തുറക്കാവുന്നത്. പരമാവധി മൂന്ന് ജീവനക്കാര്‍ മാത്രമേ സ്ഥാപനങ്ങളില്‍ ഉണ്ടാകാന്‍ പാടുള്ളൂ.
കണ്ണടകൾ വിൽക്കുകയും നന്നാക്കുകയും ചെയ്യുന്ന കടകൾക്ക് എല്ലാ തിങ്കളാഴ്ചയും രാവിലെ പത്തുമണി മുതൽ വൈകുന്നേരം അഞ്ചുമണി വരെ പരമാവധി രണ്ടു ജീവനക്കാരെ നിയോഗിച്ചു കൊണ്ട് തുറന്നു പ്രവർത്തിക്കാം.
കളിമൺ ജോലിയുമായി ബന്ധപ്പെട്ട ജീവനക്കാർ ഒരു വർഷത്തേക്കുള്ള മണ്ണ് സംഭരിക്കുന്ന കാലമായതിനാൽ തൊഴിലാളികളുടെ എണ്ണം പരമാവധി കുറച്ച് മണ്ണ് ശേഖരിക്കാവുന്നതാണ്.
വീടുകളിലിരുന്ന് ജോലി ചെയ്യുന്ന ബീഡി തൊഴിലാളികൾക്ക് ആവശ്യമായ അസംസ്കൃത വസ്തുക്കൾ സ്ഥാപനങ്ങളിൽനിന്ന് വീട്ടിലെത്തിക്കുന്നതിനും തെറുത്ത ബീഡികൾ വീട്ടിൽനിന്ന് തിരികെ സ്ഥാപനങ്ങളിലെത്തിക്കുന്നതിനും ബുദ്ധിമുട്ട് നേരിടുന്ന സാഹചര്യം സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടതിനാൽ അത്തരം പ്രവൃത്തികളുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾ തിങ്കൾ, ചൊവ്വ, ദിവസങ്ങളിൽ പരമാവധി ജീവനക്കാരെ കുറച്ച് തുറന്നുപ്രവർത്തിക്കാവുന്നതും ഈ ആവശ്യത്തിനായി തൊഴിലാളികൾക്ക് യാത്ര ചെയ്യാവുന്നതുമാണ്.
മേൽപ്പറഞ്ഞ സ്ഥാപനങ്ങളും തൊഴിലാളികളും പ്രവർത്തിക്കുമ്പോൾ കോവിഡ്-19 വ്യാപനത്തെ പ്രതിരോധിക്കാനുള്ള ബ്രേക്ക് ദ ചെയിൻ പരിപാടിയുടെ മാർഗനിർദേശങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ബന്ധപ്പെട്ടവർ ഉറപ്പുവരുത്തണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.