വരാപ്പുഴ കസ്റ്റഡി മരണം:കുറ്റപത്രം ഇന്ന് കോടതിയിൽ,എസ്ഐ ദീപക്കടക്കം നാലു പ്രതികൾക്കെതിരെ കൊലക്കുറ്റം
കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണക്കേസിന്‍റെ കുറ്റപത്രം ക്രൈംബ്രാഞ്ച് ഇന്ന് കോടതിയിൽ സമർപ്പിക്കും.2018 ഏപ്രിൽ 9ന് എറണാകുളം വരാപ്പുഴ സ്വദേശി ശ്രീജിത്തിനെ ആളുമാറി കസ്റ്റഡിയിലെടുത്ത് മർദ്ദിച്ചു കൊലപ്പെടുത്തിയ കേസിലാണ് ക്രൈംബ്രാഞ്ച് ഇന്ന് പറവൂർ കോടതിയിൽ കുറ്റപത്രം സമർപ്പിക്കുന്നത്.
വരാപ്പുഴ എസ് ഐ ആയിരുന്ന ദീപക്കടക്കം നാലു പ്രതികൾക്കെതിരെ കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്. ആകെ 9 പ്രതികളുളള കുറ്റപത്രത്തിൽ റൂറൽ ടാസ്ക് ഫോഴ്സിലെ അംഗങ്ങളായ സന്തോഷ് കുമാർ, സുമേഷ് ജിതിൻ രാജ് എന്നിവരാണ് ആദ്യ മൂന്നുപ്രതികൾ.
വടക്കൻ പറവൂർ സിഐയായിരുന്നു ക്രിസ്പിൻ സാം അഞ്ചാം പ്രതിയാണ്. നിയമവിരുദ്ധമായി യുവാവിനെ കസ്റ്റഡിയിലെടുത്തതിനും കസ്റ്റഡി നടപടിക്രമങ്ങൾ പാലിക്കാതിരുന്നതിനുമാണ് ക്രിസ്പിൻ സാമിനെ പ്രതി ചേർത്തിരിക്കുന്നത്.സംഭവം നടക്കുമ്പോൾ എറണാകുളം റൂറൽ എസ് പി ആയിരുന്ന ഇപ്പോഴത്തെ ഡിഐജി എ വി ജോർജിനെ സാക്ഷിയാക്കിയാണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്.