Top Stories
ഇന്ത്യയിൽ സമൂഹ വ്യാപനമില്ല
ന്യൂഡൽഹി : ഇന്ത്യയിൽ ഇതുവരെ കോവിഡ് 19 സാമൂഹിക വ്യാപനം ഉണ്ടായിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ- കുടുംബക്ഷേമ മന്ത്രാലയം ജോയന്റ് സെക്രട്ടറി ലവ് അഗർവാൾ. ഭയപ്പെടേണ്ട ആവശ്യമില്ലെന്നും ജാഗ്രതയോടെയും കരുതലോടെയും ഇരിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം ഡൽഹിയിൽ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
കോവിഡ് 19 ബാധിച്ച രാജ്യങ്ങളെക്കുറിച്ചുള്ള ലോകാരോഗ്യ സംഘടനയുടെ കഴിഞ്ഞ ദിവസത്തെ റിപ്പോർട്ടിലാണ് ഇന്ത്യയിൽ സാമൂഹിക വ്യാപനം നടന്നുവെന്ന് രേഖപ്പെടുത്തിയിരുന്നത്. എന്നാൽ അത് തെറ്റുപറ്റിയതാണെന്നും തിരുത്തിയെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി. ഇന്ത്യയിൽ ഒരു കൂട്ടം കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ അത് സാമൂഹിക വ്യാപനമല്ല. ലോകാരോഗ്യ സംഘടന വക്താവ് ദേശീയ മാധ്യമത്തോട് പറഞ്ഞു.
വ്യാഴാഴ്ച 16,002 പരിശോധനകൾ നടത്തിയെന്നും 2 ശതമാനം കേസുകൾ മാത്രമാണ് പോസിറ്റീവ് ആയത്. സാമ്പിളുകൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ, വലിയതോതിൽ രോഗം ബാധിച്ചിട്ടില്ലെന്നാണ് മനസ്സിലാക്കാൻ സാധിച്ചത്. റാപ്പിഡ് പരിശോധന നടത്താനുള്ള കിറ്റുകൾക്ക് അനുമതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആഭ്യന്തര ഉപയോഗത്തിനു വേണ്ടത് ഒരുകോടി ഹൈഡ്രോക്സി ക്ലോറോക്വിൻ ഗുളികകളാണ്. നിലവിൽ 3.28 കോടി ഹൈഡ്രോക്സി ക്ലോറോക്വിൻ ഗുളികകൾ ലഭ്യമാണെന്നും ലവ് അഗർവാൾ പറഞ്ഞു.