News
നിർദ്ധന കുടുംബത്തിന് സഹായമെത്തിച്ച് കുണ്ടറ ഫയർഫോഴ്സ്

എഴുകോൺ പരുത്തൻപാറ ചരുവിള വീട്ടിൽ സാവിത്രി (75) മകൻ രഘു (50) എന്നിവരടങ്ങുന്ന കുടുംബമാണ് ആരോഗ്യ പ്രശ്നങ്ങളാലും സാമ്പത്തിക പരാദീനതകൾ കാരണവും മരുന്നു വാങ്ങാൻ പോലും വകയില്ലാതെ ബുദ്ധിമുട്ടുന്ന വിവരം കുണ്ടറ ഫയർഫോഴ്സ് സംഘത്തിൻ്റെ ശ്രദ്ധയിൽ പെട്ടത്. ആറ് വർഷം മുൻപ് സ്ട്രോക്ക് വന്ന് കിടപ്പിലായതാണ് രഘു . രഘുവിൻ്റെ ചികിത്സാ കാലയളവിൽ താങ്ങായി നിന്ന മാതാവ് സാവിത്രി ഇപ്പോൾ സ്ട്രോക്ക് വന്ന് ചികിത്സയിലാണ്, അതിനോടൊപ്പം കണ്ണിന് ശസ്ത്രക്രിയ നടത്തിയതിനും കൂടാതെ പ്രമേഹത്തിനും ഉള്ള മരുന്നുകളും കഴിക്കുന്നുണ്ട് .
കഴിഞ്ഞ ദിവസം സാവിത്രി കുണ്ടറ ഫയർ സ്റ്റേഷനിൽ വിളിച്ച് മരുന്നുകൾ തിർന്നതായും പുത്തൂർ ഇ.എസ്.ഐ ആശുപത്രിയിൽ പോയി മരുന്നു വാങ്ങാൻ കഴിയാത്ത സ്ഥിതിയാണെന്ന് കൊല്ലം സ്റ്റേഷൻ ഓഫിസർ ബൈജുവിനെ അറിയിച്ചു. ഉടൻ തന്നെ ഈ വിവരം കുണ്ടറ സ്റ്റേഷനിൽ അറിയിക്കുകയും സ്റ്റേഷൻ ഓഫീസർ ഗിരിഷ് കുമാറിൻ്റെ നിർദ്ദേശപ്രകാരം ഫയർ ആൻറ് റെസ്ക്യൂ ഓഫിസർമാരായ മിഥിലേഷ്, പ്രമോദ് , ബിനുലാൽ എന്നിവർ പുത്തൂർ ഇ.എസ്.ഐ ആശുപത്രിയിൽ എത്തി സാവിത്രിയുടെ പരിശോധനാ കാർഡ് പ്രകാരം ഉള്ള തുടർ മരുന്നുകൾ വാങ്ങി. കിട്ടാത്ത മരുന്നുകൾ മറ്റു മെഡിക്കൽ സ്റ്റോറുകളിൽ നിന്നും വാങ്ങി വീട്ടിലെത്തിയപ്പോഴാണ് ഈ കുടുംബത്തിൻ്റെ നിസ്സഹായ അവസ്ഥ മസ്സിലാകുന്നത്.
തുടർന്ന് ഈ കുടുംബത്തിന്റെ ദയനീയ അവസ്ഥ സ്റ്റേഷനിലെത്തി ചർച്ച ചെയ്ത ശേഷം വൈകിട്ടോടെ സ്റ്റേഷൻ ഓഫീസർ ഗിരീഷ് കുമാറിൻ്റെ നേതൃത്വത്തിൽ ഫയർ & റെസ്ക്യൂ ഓഫിസർമാരായ അരുൺരാജ്, സഞ്ജയൻ, മിഥിലേഷ്, ബിനുലാൽ എന്നിവരടങ്ങിയ സംഘം വീട്ടിലെത്തി ചികിത്സാ സഹായമായി 5000 രൂപയും പച്ചക്കറി കിറ്റും കൈമാറി.