Top Stories

മത്സ്യബന്ധന മേഖലയെ ലോക്ക്ഡൗണിൽ നിന്ന് ഒഴിവാക്കി

ന്യൂഡൽഹി : ലോക്ക്ഡൗണിൽ നിന്ന് മത്സ്യബന്ധന മേഖലയെ ഒഴിവാക്കിക്കൊണ്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഉത്തരവിറക്കി. കടലിലെ മീൻപിടിത്തം, മത്സ്യം, ചെമ്മീൻ തുടങ്ങിയവയുടെ കടത്ത്, മത്സ്യക്കൃഷി, അതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ, പാക്കേജിങ്, ശീതീകരണം, വിപണനം, ഹാച്ചറികൾ, ഫീഡ് പ്ലാന്റുകൾ, അക്വേറിയം മുതലായവയ്ക്കും ഇവയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർക്കും ആണ് രാജ്യ വ്യാപകമായി ഇളവ് നൽകിയിരിക്കുന്നത്.

എല്ലാ സംസ്ഥാനങ്ങളിലേയും കേന്ദ്ര ഭരണപ്രദേശങ്ങളിലേയും ചീഫ് സെക്രട്ടറിമാരുമായി ചർച്ച ചെയ്ത ശേഷം കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ലയാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തത്.അതേസമയം, ലോക്ഡൗണുമായി ബന്ധപ്പെട്ട് സാമൂഹിക അകലം പാലിക്കാനും ശുചിത്വം ഉറപ്പാക്കാനുംവേണ്ടി പുറപ്പെടുവിച്ച ഉത്തരവുകൾ പാലിക്കണം. അതാത് സ്ഥാപനങ്ങളുടെ മേധാവിമാർക്കാണ് ഇതിന്റെ ഉത്തരവാദിത്തം. സുരക്ഷാ മുൻകരുതലുകൾ പാലിക്കുന്നുണ്ടെന്ന് ജില്ലാഭരണകൂടം ഉറപ്പുവരുത്തണമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

കാർഷിക പ്രവർത്തനങ്ങൾക്കും ലോക്ക്ഡൗണിൽ നിന്ന് സർക്കാർ ഇളവ് നൽകിയിട്ടുണ്ട്. വിളവെടുപ്പും വിതയ്ക്കലുമടക്കം കാർഷികപ്രവർത്തനങ്ങൾ സുഗമമായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും കേന്ദ്ര സർക്കാർ സംസ്ഥാനങ്ങളോട് നിർദേശിച്ചു. കാർഷിക യന്ത്രങ്ങളും അവയുടെ സ്പെയർപാർട്സുകൾ വിൽക്കുന്ന കടകൾ തുറക്കാൻ അനുമതിയുണ്ട്. ദേശീയ പാതകളിലെ ട്രക്ക് വർക്ക്ഷോപ്പുകൾക്കും തുറക്കാം. തേയില വ്യവസായമടക്കമുള്ള പ്ലാന്റേഷനുകളിൽ 50 ശതമാനം തൊഴിലാളികളെ വെച്ച് പ്രവർത്തനം നടത്താനും കേന്ദ്ര സർക്കാർ അനുമതി നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button