Top Stories

ലോകത്ത് കോവിഡ് മരണം ലക്ഷം കടന്നു

ന്യൂഡൽഹി : കോവിഡ് 19 ബാധിച്ച്‌  ലോകത്താകെ മരിച്ചവരുടെ എണ്ണം ഒരു ലക്ഷം കടന്നു. 102,607 പേരാണ് ലോകത്താകമാനം ഇതുവരെ കോവിഡ് ബാധിച്ചു മരിച്ചത്. ഒരോ മിനിറ്റിലും അഞ്ച് പേർ എന്ന തോതിലാണ് മരണ നിരക്ക് ഉയരുന്നത്. 95,000 മരണവും നടന്നത് 30 ദിവസത്തിനിടെയാണ്. ഇതിൽ 70,000ത്തോളം മരണം നടന്നത് യൂറോപ്പിലാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 6974 പേർ മരിച്ചു.

1,694,954 പേർക്കാണ് ആകെ രോഗം ബാധിച്ചിരിക്കുന്നത്. ഏറ്റവും കൂടുതൽ പേർക്ക് രോഗം ബാധിച്ചിരിക്കുന്നത് അമേരിക്കയിലാണ്. 499,252 പേർ. സ്പെയിൻ 158,273, ഇറ്റലി 147,577, ഫ്രാൻസ് 125,931 എന്നിങ്ങനെയാണ് രോഗം ബാധിച്ചവരുടെ എണ്ണത്തിൽ മുൻപന്തിയിലുള്ള രാജ്യങ്ങൾ. അതേസമയം, 376,102 പേർ ഇതുവരെ കോവിഡ് രോഗമുക്തരായി.

ഇറ്റലിയിലാണ് ഏറ്റവും കൂടുതൽ കോവിഡ്  മരണം നടന്നിരിക്കുന്നത് 18,849 പേരാണ് ഇറ്റലിയിൽ മരിച്ചത്. അമേരിക്കയിൽ 24 മണിക്കൂറിനിടെ 2000ത്തിലേറെ മരണം സംഭവിച്ചു. ആകെ മരണം 18,686, സ്പെയിൻ 16,081, ഫ്രാൻസ് 13,197, യുകെ 8,958 എന്നിങ്ങനെയാണ് ഏറ്റവും ഉയർന്ന മരണനിരക്കുള്ള മറ്റു രാജ്യങ്ങൾ.

ഇന്ത്യയിൽ 896 കോവിഡ് 19 കേസുകളാണ് പുതുതായി റിപ്പോർട്ട് ചെയ്യപ്പെട്ടത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 37 പേർ രാജ്യത്ത് വൈറസ് ബാധ മൂലം മരിച്ചു. ഇന്ത്യയിൽ ആകെ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 7,062 ആയി. ആകെ മരണസംഖ്യ 229 ആണ്.

ആമസോൺ മഴക്കാടുകളില്‍ ബാഹ്യസമ്പര്‍ക്കം ഇല്ലാതെ കഴിയുന്ന  യാനോമാമി എന്ന ഗോത്രവിഭാഗങ്ങളിലും കോവിഡ് ബാധിച്ചു. അല്‍വെനെയ് സിരിസാന്‍ എന്ന പതിനഞ്ചുകാരൻ വ്യാഴാഴ്ച രാത്രി ബോവ വിസ്റ്റയിലെ പ്രധാന ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ കോവിഡ് ബാധയാൽ മരിച്ചു.

ആമസോൺ മഴക്കാടുകളില്‍ ബാഹ്യസമ്പര്‍ക്കം ഇല്ലാതെ കഴിയുന്ന ഗോത്രവിഭാഗമാണ് യാനോമാമി. ഇവര്‍ക്കിടയില്‍ വൈറസ് ബാധയുണ്ടായാൽ ഈ ഗോത്ര വംശം തന്നെ അപ്രത്യക്ഷമാകാൻ ഇടയുണ്ട് എന്നാണ് വിദഗ്ധർ പറയുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button