ലോക്ക്ഡൌൺ ലംഘിച്ച് ആംബുലൻസിൽ യാത്രചെയ്ത സംഘം പിടിയിൽ
എലത്തൂർ : ലോക്ക്ഡൌൺ ലംഘിച്ച് ആംബുലൻസിൽ പോലീസിനെ വെട്ടിച്ച് എറണാകുളത്തുനിന്ന് കാസർകോട്ടേക്കു പുറപ്പെട്ട സംഘം കോഴിക്കോട്ട് പോലീസിന്റെ പിടിയിൽ. രണ്ടുഡ്രൈവർമാർ ഉൾപ്പെടെ ഒൻപത് പേരാണ് ആംബുലൻസിൽ ഉണ്ടായിരുന്നത്. ഡ്രൈവർമാരെ അറസ്റ്റുചെയ്ത് വാഹനം പോലീസ് കസ്റ്റഡിയിലെടുത്തു.
തൃശ്ശൂർ വെമ്പല്ലൂർ സ്വദേശി അശ്വിൻ, പട്ടാമ്പി ചാത്തന്നൂർ സ്വദേശി ഫാരിസ് എന്നിവരാണ് അറസ്റ്റിലായത്. യാത്രക്കാരായ കാസർകോട് സ്വദേശികളായ ഏഴുപേരെ ഗവ. മെഡിക്കൽ കോളേജിലെ കോവിഡ് പ്രത്യേക വാർഡിൽ പ്രവേശിപ്പിച്ചു. രക്തസാംപിളുകൾ പരിശോധനയ്ക്കയച്ച ശേഷം ഇവരെ അശോകപുരത്തെ ജവഹർ കോളനിയിലെ ലക്ഷദ്വീപ് ഗെസ്റ്റ്ഹൗസിലേക്ക് നിരീക്ഷണത്തിനയച്ചു.
വെള്ളിയാഴ്ച പുലർച്ചെ രണ്ടുമണിയോടെയാണ് സംഭവം. എറണാകുളത്തെയും ഫറോക്കിലെയും ഹോട്ടലുകളിലും മറ്റും ജോലിചെയ്യുന്നവരേയും കൊണ്ടാണ് ആംബുലൻസ് യാത്ര ചെയ്യ്തത്. പട്രോളിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന നാദാപുരം എ.എസ്.പി. അങ്കിത്ത് അശോക്, ചേവായൂർ സി.ഐ. ടി.പി. ശ്രീജിത്ത്, എലത്തൂർ എസ്.ഐ. കെ. രാജീവ് എന്നിവർ ചേർന്ന് പാലോറമല ജങ്ഷനിൽനിന്നാണ് വാഹനം പിടികൂടിയത്.
ഫറോക്കിൽനിന്ന് രണ്ടുയാത്രക്കാർ ആംബുലൻസിൽ കയറുന്നതുകണ്ട നാട്ടുകാരിലൊരാൾ പോലീസ് കൺട്രോൾറൂമിൽ വിവരം അറിയിക്കുകയായിരുന്നു. അഞ്ചുമണിക്കൂറോളം പ്രധാന റോഡുകളിലൂടെ ഓടിയിട്ടും പോലീസിന്റെ ശ്രദ്ധയിൽപ്പെടാൻ വൈകിയത് സുരക്ഷാവീഴ്ചയായാണു വിലയിരുത്തുന്നത്. സെയ്ന്റ് മേരീസ് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ളതാണ് ആംബുലൻസ്.
ഒരു വാട്സാപ്പ്ഗ്രൂപ്പാണ് പിടിയിലായ തൊഴിലാളികൾക്ക് യാത്രാസൗകര്യം ഒരുക്കിക്കൊടുത്തത്.ലോക്ക്ഡൗണിൽ പെട്ട് വിവിധ ജില്ലകളിൽ കുടുങ്ങിപ്പോകുന്നവരെ, പോലീസിനെ വെട്ടിച്ച് അവരുടെ നാട്ടിലേക്ക് എത്തിക്കാൻ സഹായിക്കാമെന്നറിയിപ്പ് നൽകിയ വാട്സാപ്പ് ഗ്രൂപ്പിൽക്കണ്ട നമ്പറിൽ വിളിച്ചാണ് യാത്രയ്ക്ക് ആംബുലൻസ് സംഘടിപ്പിച്ചതെന്ന തൊഴിലാളികൾ വെളിപ്പെടുത്തി. ഇങ്ങനെയുള്ള വാട്സാപ്പ് ഗ്രൂപ്പുകൾ പലയിടങ്ങളിലും സജീവമായി പ്രവർത്തിക്കുന്നതായുള്ള വിവരം രഹസ്യാന്വേഷണ വിഭാഗത്തിന് നേരത്തെ ലഭിച്ചിട്ടുണ്ട്. ലോക്ഡൗണിനിടയിൽ യാത്രക്കാരുമായി ഒട്ടേറെത്തവണ സഞ്ചരിച്ച ആംബുലൻസാണ് ഇപ്പോൾ പിടിച്ചെടുത്തത് എന്നാണ് പോലീസിന് ലഭിക്കുന്ന വിവരം.
സംഭവത്തെ തുടർന്ന് ഇനിമുതൽ മറ്റ് വാഹനങ്ങളെപ്പോലെ ആംബുലൻസും പോലീസിന്റെ കർശന പരിശോധനയ്ക്ക് ശേഷം മാത്രമേ കടത്തിവിടൂ. പച്ചക്കറിയുമായി വരുന്ന വാഹനങ്ങളും ഇനിമുതൽ പോലീസ് അരിച്ചുപെറുക്കും. ചില ചരക്കുവാഹനങ്ങളുടെ പിറകിൽ ഒളിച്ചിരുന്ന് ആളുകൾ സഞ്ചരിക്കുന്നതായി പോലീസ് രഹസ്യാന്വേഷണവിഭാഗത്തിന് വിവരം ലഭിച്ചിട്ടുണ്ട്.