Top Stories
ലോക്ക്ഡൗൺ പൂർണ്ണമായും പിൻവലിക്കേണ്ട സ്ഥിതി ആയില്ല; ഇളവ് ഘട്ടം ഘട്ടമായി
തിരുവനന്തപുരം : ലോക്ക്ഡൗൺ പൂർണ്ണമായും പിൻവലിക്കേണ്ട സ്ഥിതി ആയില്ലെന്ന് കേരളം കേന്ദ്ര സർക്കാരിനെ അറിയിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ലോക്ക്ഡൗൺ ഇളവ് പടിപടിയായി മാത്രം മതി. ഹോട്ട്സ്പോട്ട് സ്ഥലങ്ങളിൽ ഏപ്രിൽ 30 വരെ നിലവിലുള്ള നിയന്ത്രണം വേണമെന്നും മുഖ്യമന്ത്രിമാരുടെ യോഗത്തിൽ പങ്കെടുത്തപ്പോൾ നിർദ്ദേശിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.
ജനസഞ്ചാരം അനിയന്ത്രിതമായാല്‍ രോഗം വ്യാപിക്കാനും സമൂഹ വ്യാപനത്തിലേക്ക് മാറാനും സാധ്യതയുണ്ട്.അല്ലാത്ത ഇടങ്ങളില്‍ ശാരീരിക അകലം ഉറപ്പുവരുത്തി സര്‍ക്കാര്‍ അനുമതി നല്കുന്ന കാര്യങ്ങള്‍ ചെയ്യണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഹോട്ട് സ്പോട്ട് അല്ലാത്ത ജില്ലകളിൽ ഇളവുകൾ നൽകാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിന്റെ അനുമതി വേണം. അതിഥി തൊഴിലാളികൾക്കു വേണ്ടി പ്രത്യേക നോൺസ്റ്റോപ് ട്രെയിൻ അനുവദിക്കണം. പ്രവാസികൾക്ക് തിരികെ മടങ്ങാനുള്ള സഹായം കേന്ദ്രത്തിന്റെ
ഭാഗത്തുനിന്നുണ്ടാകണം. പ്രവാസികൾക്ക് സഹായം നൽകാൻ എംബസികൾക്ക് നിർദ്ദേശം നൽകണം. ലേബർ ക്യാംപുകളിൽ പ്രത്യേക ശ്രദ്ധ വേണം. വിസയിൽ പോയവരിൽ വിസാ കാലാവധി അവസാനിച്ചവരെ നാട്ടിലേക്ക് തിരികെയെത്തിക്കാൻ പ്രത്യേക വിമാനം അനുവദിക്കണം.മൂന്ന് മാസത്തേക്ക് പ്രവാസികൾക്ക് സാമ്പത്തിക സഹായം ഉറപ്പാക്കാൻ പദ്ധതി വേണം. തുടങ്ങിയ കാര്യങ്ങൾ പ്രധാനമന്ത്രിയുടെ യോഗത്തിൽ പറഞ്ഞതായി മുഖ്യമന്ത്രി അറിയിച്ചു.