Top Stories
സംസ്ഥാനത്ത് ഇന്ന് 10 പേർക്കു കൂടി കോവിഡ്
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് (ശനിയാഴ്ച) 10 പേർക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 7 പേർ കണ്ണൂരും, കാസറഗോഡ് 2 പേർക്കും കോഴിക്കോട് ഒരാൾക്കുമാണ് കോവിഡ് സ്ഥിതീകരിച്ചത്. മൂന്നു പേർ വിദേശത്തുനിന്നു വന്നവരാണ്. ഏഴു പേർക്ക് സമ്പർക്കം വഴിയാണ് വൈറസ് പടർന്നത്. മുഖ്യമന്ത്രി പിണറായി വിജയനാണ് തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ ഇക്കാര്യം വ്യക്തമാക്കിയത്.
കണ്ണൂരിൽ കൊവിഡ് ചികിത്സയിൽ കഴിഞ്ഞിരുന്ന കാസര്‍കോട് സ്വദേശിയായ യുവതിക്ക് ആൺകുഞ്ഞു പിറന്നെന്ന സന്തോഷ വാർത്തയും മുഖ്യമന്ത്രി പങ്കുവയ്ച്ചു. ചികിത്സക്ക് നേതൃത്വം നൽകിയ ഡോക്ടര്‍മാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും അഭിനന്ദനം അറിയിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
കൊവിഡ് ചികിത്സയിലുള്ള 19 പേർക്ക് ഇന്ന് നെഗറ്റീവായി കാസർകോട് ഒൻപത് പാലക്കാട് 4, തിരുവനന്തപുരം 3, ഇടുക്കി 2 ,തൃശ്ശൂർ ഒന്ന്. ഇതുവരെ 371 പേർക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. 228 പേർ ഇപ്പോൾ ചികിത്സയിലുണ്ട്.
സംസ്ഥാനത്താകെ 1,23,490 പേർ നിരീക്ഷണത്തിലുണ്ട്. ഇതിൽ 816 പേർ ആശുപത്രിയിലും . 201 പേരെ ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ 14163 സാംപിളുകൾ പരിശോധനയ്ക്ക് അയച്ചു.അതിൽ 12718 എണ്ണം നെഗറ്റീവായി.
രാജ്യത്തെ കൊവിഡ് സാഹചര്യം നേരിടാൻ കേന്ദ്രം നിര്‍ദ്ദേശിക്കുന്ന എല്ലാ കാര്യങ്ങളും കേരളം അനുസരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ലോക്ക് ഡൗൺ രണ്ടാഴ്ച കൂടി നീട്ടാനാണ് കേന്ദ്ര സര്‍ക്കാര്‍ ധാരണ, പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായത്. ലോക്ക് ഡൗൺ ഘട്ടം ഘട്ടമായി ഇളവ് വരുത്തിയാൽ മതിയെന്ന നിലപാടാണ് പ്രധാനമന്ത്രിയുമായി നടത്തിയ ചര്‍ച്ചയിൽ കേരളം എടുത്തതെന്നും മുഖ്യമന്ത്രി അറിയിച്ചു.