ഇടുക്കിയിൽ 1500 ലിറ്റര്‍ കോട കണ്ടെത്തി നശിപ്പിച്ചു
ഇടുക്കി : ഇടുക്കി മണിയം പെട്ടിയിൽ 1500 ലിറ്റര്‍ കോട കണ്ടെത്തി നശിപ്പിച്ചു. ഉടുമ്പന്‍ചോല എക്‌സൈസ് സംഘമാണ് വ്യാജമദ്യ കേന്ദ്രം കണ്ടെത്തിയത്. സേനാപതിയിലെ വാറ്റ് കേന്ദ്രത്തിൽ പരിശോധനയ്ക്കിടെ മൃഗ കൊമ്പുകളും വെടിമരുന്നും കണ്ടെടുത്തു.
തമിഴ്‌നാട് അതിര്‍ത്തിയോട് ചേര്‍ന്ന് മണിയംപെട്ടി ഭാഗത്ത് കൃത്രിമമായി നിർമ്മിച്ച കുളത്തിൽ സൂക്ഷിച്ചിരുന്ന 1500 ലിറ്റര്‍ കോടയാണ് എക്സൈസ് സംഘം കണ്ടെത്തി നശിപ്പിച്ചത്. പ്രതികളെക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചതായും ഉടൻ തന്നെ വ്യാജവാറ്റ് സംഘത്തെ പിടികൂടുമെന്നും എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.
സേനാപതിയിൽ ചാരായം വാറ്റു നടക്കുന്നതായി രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നെടുങ്കണ്ടം എക്സൈസ് സര്‍ക്കിളിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ആലാട്ട് ശ്രീകുമാർ എന്നയാളുടെ വീട്ടിൽ നിന്ന് നാടന്‍ തോക്കില്‍ ഉപയോഗിക്കുന്ന തിരകളും വെടിമരുന്നും മൃഗ കൊമ്പുകളും പിടികൂടിയത്. എക്‌സൈസ് സംഘത്തെ കണ്ടയുടനെ വിട്ടുടമ ഓടി രക്ഷപ്പെട്ടു.
ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ വ്യാജമദ്യ നിർമ്മാണവും വിൽപനയും ഹൈറേഞ്ചിൽ വ്യാപകമായിട്ടുണ്ട്. കഴിഞ്ഞ രണ്ട് ആഴ്ചയ്ക്കുള്ളിൽ 7000 ലിറ്ററോളം കോടയാണ് നെടുങ്കണ്ടത്തെ എക്സൈസ് സംഘം പിടികൂടി നശിപ്പിച്ചത്.