News
നടന്‍ റിയാസ് ഖാനെ മര്‍ദ്ദിച്ച അഞ്ച് പേര്‍ അറസ്റ്റിലായി
ചെന്നൈ : സാമൂഹിക അകലം പാലിക്കാന്‍ ആവശ്യപ്പെട്ടതിന്റെ പേരില്‍ നടന്‍ റിയാസ് ഖാനെ മര്‍ദ്ദിച്ച അഞ്ച് പേര്‍ അറസ്റ്റിലായി. ചെന്നൈയിലെ വീടിനു മുന്‍പിലൂടെ കൂട്ടം ചേര്‍ന്ന് പോയവരെ ബോധവത്കരിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് നടന് മര്‍ദ്ദനമേറ്റത്.
സ്ത്രീകളടക്കം പന്ത്രണ്ടോളം പേര്‍ വീടിനു സമീപത്തു കൂടി കൂട്ടം ചേര്‍ന്ന് പോകുന്നത് കണ്ടാണ് നടന്‍ ഇവരോട് സാമൂഹിക അകലം പാലിക്കണമെന്ന് ബോധവത്കരിക്കാന്‍ ശ്രമിച്ചത്. ചെന്നൈ പനയൂരിലെ വീടിന് പുറത്തേക്ക് ഇറങ്ങി ചെന്ന് നടന്‍ സാമൂഹിക അകലത്തിന്‍റെ പ്രധാന്യത്തെക്കുറിച്ച് ഇവരോട് വിശദീകരിക്കാന്‍ ശ്രമിച്ചു. ഇതോടെ സംഘത്തില്‍ ചിലര്‍ നടനോട് തട്ടിക്കയറുകയായിരുന്നു.
ഇതിനിടെ കൂട്ടത്തിലൊരാള്‍ റിയാസ്ഖാനെ മർദ്ദിക്കുകയായിരുന്നു. തല ലക്ഷ്യം വച്ചായിരുന്നു അടിയെങ്കിലും ഒഴിഞ്ഞുമാറിയതിനാല്‍ ചുമലിലാണ് മര്‍ദനമേറ്റത്. ഇതോടെ അയല്‍വാസികളിലൊരാള്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പൊലീസെത്തി നടനെ ആശുപ്ത്രിയിലാക്കി. അഞ്ച് പേരെ അറസ്റ്റ് ചെയ്തെങ്കിലും കുറ്റക്കാര്‍ക്ക് എതിരെ നടപടി വേണ്ടെന്ന് റിയാസ് ഖാന്‍ പൊലീസിനോട് അഭ്യര്‍ത്ഥിച്ചു.