News
നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന പ്രവാസികളെ തിരിച്ചു കൊണ്ടുപോകാൻ രാജ്യങ്ങൾ തയ്യാറാകണം:യു എ ഇ
ദുബായ് : കോവിഡ് പശ്ചാത്തലത്തിൽ തങ്ങളുടെ നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന പ്രവാസികളെ തിരിച്ചു കൊണ്ടുപോകാൻ മാതൃരാജ്യങ്ങൾ തയ്യാറാകണമെന്ന കർശന നിർദേശവുമായി യു.എ.ഇ.
അല്ലാത്തപക്ഷം, സ്വന്തം പൗരന്മാരെ തിരിച്ചുകൊണ്ടുപോകാത്ത രാജ്യങ്ങളുമായുള്ള തൊഴിൽ കരാർ പുനഃപരിശോധിക്കുമെന്നും രാജ്യങ്ങൾക്ക് അനുവദിച്ചിട്ടുളള വിസ ക്വാട്ടയിൽ മാറ്റം വരുത്തുന്നത് ആലോചിക്കേണ്ടി വരുമെന്നും യു.എ.ഇ. മാനവ വിഭവശേഷി-സ്വകാര്യവത്കരണ മന്ത്രാലയം വ്യക്തമാക്കി.
ഇന്ത്യ ഇനിയും പൗരന്മാരെ നാട്ടിൽ എത്തിക്കുന്നതുമായി ബന്ധപ്പെട്ട് തീരുമാനമൊന്നും കൈക്കൊണ്ടിട്ടില്ല. ലക്ഷക്കണക്കിന് ഇന്ത്യക്കാരാണ് യു.എ.ഇയിലുള്ളത്. ഈ പശ്ചാത്തലത്തിലാണ് മന്ത്രാലയത്തിന്റെ കർശന നിർദേശം. എന്നാൽ ഒരു രാജ്യത്തിന്റെയും പേര് പരാമർശിച്ചിട്ടില്ല.
വിമാനക്കമ്പനികൾ ഇന്ത്യയിലേക്ക് ഷെഡ്യൂൾഡ് സർവീസുകൾ പ്രഖ്യാപിച്ച് ബുക്കിംഗ് തുടങ്ങിയിരുന്നു. എന്നാൽ ഇന്ത്യ അനുമതി നൽകാത്തതിനെ തുടർന്ന് സർവീസുകൾ റദ്ദാക്കി. നാട്ടിലേക്ക് പോകാൻ സന്നദ്ധരാകുന്ന പ്രവാസികൾക്ക് അവധി ഉൾപ്പെടെ എല്ലാ സൗകര്യങ്ങളും യു.എ.ഇ.നൽകുന്നുണ്ട്. എല്ലാ ഇന്ത്യക്കാരെയും ഇന്ത്യയിലെത്തിക്കാൻ തയ്യാറാണെന്ന് യു.എ.ഇ.യുടെ ഇന്ത്യയിലെ അംബാഡറും വ്യക്തമാക്കിയിരുന്നു.