Top Stories

വിദേശത്ത് കുടുങ്ങിയ ഇന്ത്യക്കാരെ തിരികെയെത്തിക്കണമെന്ന ഹർജികൾ സുപ്രിംകോടതി ഇന്ന് പരിഗണിക്കും

ഡൽഹി : വിദേശരാജ്യങ്ങളിൽ കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാരെ രാജ്യത്ത് തിരികെയെത്തിക്കണമെന്ന ഹർജികൾ സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ഹർജികളിൽ കേന്ദ്രസർക്കാർ നിലപാട് അറിയിക്കും. ഹർജികൾ ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് പരിഗണിക്കും.

ഗൾഫ് രാജ്യങ്ങളിൽ കുടുങ്ങി കിടക്കുന്നവരെ രാജ്യത്ത് എത്തിക്കണമെന്ന് ആവശ്യപ്പെട്ട് എം.കെ.രാഘവൻ എം.പിയും പ്രവാസി ലീഗൽ സെല്ലുമാണ് സുപ്രിംകോടതിയിൽ ഹർജി സമർപ്പിച്ചത്. നാട്ടിലേക്ക് വരാൻ ആഗ്രഹിക്കുന്നവരെ കേന്ദ്രസർക്കാർ ചെലവിൽ പ്രത്യേക വിമാനത്തിൽ എത്തിക്കണമെന്നും കൊവിഡ് ബാധിതരായ പ്രവാസികൾക്ക് ഗൾഫ് രാജ്യങ്ങളിൽ മികച്ച ചികിത്സയും, ഭക്ഷണവും, വെള്ളവും ഉറപ്പാക്കണമെന്നും എം.കെ.രാഘവൻ സമർപ്പിച്ച ഹർജിയിൽ ആവശ്യപ്പെട്ടു.

കൊവിഡ് പശ്ചാത്തലത്തിൽ ദൈനംദിന ചെലവുകൾ പോലും നടത്താൻ കഴിയാത്ത ദുരിതാവസ്ഥയിലൂടെയാണ് ലക്ഷകണക്കിന് ഇന്ത്യക്കാർ കടന്നുപോകുന്നതെന്ന് പ്രവാസി ലീഗൽ സെല്ലിന്റെ ഹർജിയിൽ പറയുന്നു. തൊഴിലാളി ക്യാമ്പുകളിൽ കഴിയുന്ന ഒട്ടേറെ പേർക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചു. നൂറ് കണക്കിന് പേർ സാമൂഹ്യ അകലം പോലും പാലിക്കാൻ കഴിയാതെ ബുദ്ധിമുട്ടുകയാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി.

അതേസമയം, മടങ്ങിപ്പോകാൻ താല്പര്യമുള്ള പൗരന്മാരെ സ്വന്തം രാജ്യങ്ങളിലേക്ക് കൊണ്ടുപോകണമെന്ന കർശന നിർദ്ദേശം പുറപ്പെടുവിച്ച്‌  യുഎഇ. അല്ലാത്തപക്ഷം, സ്വന്തം പൗരന്മാരെ തിരിച്ചുകൊണ്ടുപോകാത്ത രാജ്യങ്ങളുമായുള്ള തൊഴിൽ കരാർ പുനഃപരിശോധിക്കുമെന്നും രാജ്യങ്ങൾക്ക് അനുവദിച്ചിട്ടുളള വിസ ക്വാട്ടയിൽ മാറ്റം വരുത്തുന്നത് ആലോചിക്കേണ്ടി വരുമെന്നും യു.എ.ഇ. മാനവ വിഭവശേഷി-സ്വകാര്യവത്കരണ മന്ത്രാലയം വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button