Top Stories
രാജ്യത്ത് ലോക്ക്ഡൗൺ മെയ് 3 വരെ നീട്ടി
ന്യൂഡൽഹി : രാജ്യത്ത് ലോക്ക്ഡൗൺ മെയ് മൂന്നു വരെ നീട്ടി. ഏപ്രിൽ 20 വരെ കർശനനിയന്ത്രണം പാലിക്കണം. 19 ദിവസം കൂടി സമ്പൂർണ അടച്ചിടൽ തുടരുമെന്നും രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കവെ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു.
അടുത്ത ആഴ്ച ഏറെ നിർണായകമാണ്, കൊറോണയ്ക്കെതിരായി നാം നടത്തുന്ന യുദ്ധം നല്ല രീതിയിൽ മുന്നോട്ട് പോകുകയാണ്. ഇതുവരെ നാം നടത്തിയ പോരാട്ടം വിജയിച്ചു. ഏറെ ത്യാഗം സഹിക്കേണ്ടി വന്ന ജനങ്ങളെ നമിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
കൊറോണയ്ക്ക് എതിരായ യുദ്ധത്തിൽ ജനങ്ങൾ അച്ചടക്കമുള്ള സൈനികരായി. ഒരു പരിധിവരെ വൈറസ് വ്യാപനത്തെ പിടിച്ചു നിർത്താനായി. ഈ പോരാട്ടം നാം ഇനിയും തുടരും . ആദ്യ കൊറോണ കേസിന് മുന്നേ തന്നെ നമ്മൾ നിരീക്ഷണം ശക്തമാക്കിയിരുന്നു. പ്രശ്നങ്ങൾ കണ്ടപ്പോൾ തന്നെ ഇന്ത്യ നടപടിയെടുത്തു. എല്ലാവരുടെയും പിന്തുണയ്ക്ക് നന്ദി. കൊറോണ പ്രതിരോധത്തിൽ മറ്റ് രാജ്യങ്ങളേക്കാൾ ഏറെ മുന്നിലാണ് ഇന്ത്യ. കൊറോണയെ ചെറുക്കുന്നതിൽ ഇന്ത്യ കാട്ടിയ അച്ചടക്കം ലോകത്തിന് തന്നെ മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. മാർച്ച് 24-ന് പ്രധാനമന്ത്രി പ്രഖ്യാപിച്ച 21 ദിവസത്തെ അടച്ചിടലിന്റെ കാലാവധി ഇന്ന് അർധരാത്രി അവസാനിക്കാനിരിക്കെയാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തത്.