Top Stories
സംസ്ഥാനത്ത് ഇന്ന് 8 പേർക്ക് കോവിഡ് സ്ഥിതീകരിച്ചു
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് (ചൊവ്വാഴ്ച) 8 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. കണ്ണൂർ ജില്ലയിൽനിന്നുള്ള നാലുപേർക്കും കോഴിക്കോട് ജില്ലയിൽനിന്നുള്ള മൂന്നുപേർക്കും കാസർകോട് ജില്ലയിൽ നിന്നുള്ള ഒരാൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
ഇതിൽ അഞ്ചുപേർ ദുബായിൽ നിന്നും വന്നവരാണ്. മൂന്നുപേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. കണ്ണൂർ ജില്ലയിലെ മൂന്നുപേരും കോഴിക്കോട്, കാസർകോട് ജില്ലകളിലെ ഓരോരുത്തരുമാണ് ദുബായിൽ നിന്നും വന്നത്. കോഴിക്കോട് ജില്ലയിലെ രണ്ടുപേർക്കും കണ്ണൂർ ജില്ലയിലെ ഒരാൾക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
കോവിഡ് ബാധിച്ച 13 പേർ ഇന്ന് രോഗമുക്തി നേടി. കാസർകോട് ജില്ലയിൽ നിന്നുള്ള ആറു പേരും, എറണാകുളം,പാലക്കാട് ജില്ലകളിൽ നിന്നുള്ള രണ്ടു പേരും, കൊല്ലം,തൃശൂർ, മലപ്പുറം ജില്ലകളിൽ നിന്നുള്ള ഓരോരുത്തരുമാണ് ഇന്ന് രോഗമുക്തി നേടിയത്. 211 പേരാണ് സംസ്ഥാനത്ത് ആകെ കോവിഡിൽ നിന്നും രോഗമുക്തി നേടിയത്.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,07,075 പേർ നിരീക്ഷണത്തിലാണ്. ഇവരിൽ 1,06,511 പേർ വീടുകളിലും 564 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 81 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിലവിൽ 173 പേരാണ് സംസ്ഥാനത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത്. രോഗലക്ഷണങ്ങൾ ഉള്ള 16,235 വ്യക്തികളുടെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിൽ ലഭ്യമായ 15, 488 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്.