കോഴിക്കോട് സ്വദേശിക്ക് വിദേശത്ത് നിന്നെത്തി 27ാം നാൾ കോവിഡ് സ്ഥിതീകരിച്ചു
കോഴിക്കോട് : ഇന്നലെ കോഴിക്കോട് ജില്ലയിൽ കോവിഡ് പോസിറ്റീവ് ആയ എടച്ചേരി സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചത് വിദേശത്തുനിന്നെത്തി 26 ദിവസത്തിന് ശേഷം. 35 കാരനായ ഇയാൾ വിദേശത്തുനിന്നെത്തി 14 ദിവസം ക്വാറന്റൈനിൽ കഴിഞ്ഞ് ദിവസങ്ങൾക്ക് ശേഷം നടത്തിയ പരിശോധനയിലാണ് കോവിഡ് പോസിറ്റീവ് ആയത്. ക്വാറന്റൈൻ കാലയളവിന് ദിവസങ്ങൾക്കു ശേഷവും വൈറസിന്റെ സാന്നിധ്യം പ്രകടമാകാം എന്ന ആശങ്കാജനകമായ സൂചനയാണിത്.
ദുബായിൽനിന്നെത്തിയപ്പോൾ മുതൽ പനി ആരംഭിച്ച രോഗിയിൽനിന്ന് 26-ാമത്തെ ദിവസം എടുത്ത സാമ്പിളിൽ ആണ് രോഗബാധ സ്ഥിരീകരിച്ചത്. 14 ദിവസം എന്ന ക്വാറന്റൈൻ കാലയളവിനു ശേഷമാണ് വൈറസ് സ്ഥിരീകരിക്കപ്പെട്ടത്. കൊവിഡ് ബാധിത പ്രദേശങ്ങളില്‍ നിന്നെത്തുന്നവര്‍ 14 ദിവസത്തെ നിരീക്ഷണത്തില്‍ കഴിഞ്ഞാല്‍ മതിയെന്ന ലോകാരോഗ്യ സംഘടനയുടെ നിർദ്ദേശത്തിന് വെല്ലുവിളിയാണ് ഈ സംഭവം.
ലക്ഷണങ്ങളില്ലാത്തവരിലും കൊവിഡ് സ്ഥിരീകരിച്ചതോടെ വിദേശത്ത് നിന്ന് എത്തുന്നവരുടെ ക്വാറന്റൈൻ 14 ദിവസത്തിൽ നിന്ന് 28 ദിവസമാക്കിയിരുന്നു സംസ്ഥാന ആരോഗ്യവകുപ്പ്. അതിന്റെ ഭാഗമായാണ് ദുബായിൽനിന്നെത്തി 26 ദിവസത്തിനു ശേഷവും ഇദ്ദേഹവും കുടുംബാംഗങ്ങളും ക്വാറന്റൈനിൽ തുടർന്നത്. ആ കാലയളവ് അവസാനിക്കാൻ രണ്ട് ദിവസം മാത്രമുള്ളപ്പോഴാണ് ഇയാൾക്ക് രോഗം സ്ഥിരീകരിക്കുന്നത്.
മാർച്ച് 18ന് എയർ ഇന്ത്യ വിമാനത്തിലാണ് (IX 346) ഇയാളും സഹോദരനും ദുബായിൽനിന്ന് കോഴിക്കോട് വിമാനത്താവളത്തിലെത്തിയത്. തുടർന്ന് ടാക്സിയിൽ കോഴിക്കോടുള്ള വീട്ടിലെത്തി. അടുത്ത ദിവസം മുതൽ ഇദ്ദേഹത്തിന് പനി ആരംഭിച്ചു. തുടർന്ന് എടച്ചേരി കുടുംബാരോഗ്യ കേന്ദ്രത്തിലെത്തി പരിശോധിക്കുകയും വീട്ടിൽ ഹോം ഐസൊലേഷനിൽ കഴിയാൻ നിർദേശിക്കുകയും ചെയ്തു. പിന്നീട് ഇദ്ദേഹത്തിനും കുടുംബത്തിലെ മറ്റു ചിലർക്കും രോഗലക്ഷണങ്ങൾ പ്രകടമായതിനെ തുടർന്ന് മാർച്ച് 24ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തി പരിശോധിക്കുകയും വീട്ടിൽ ഐസൊലേഷനിൽ കഴിയാൻ നിർദേശിക്കുകയും ചെയ്തു.
ഐസൊലേഷനിൽ കഴിയുന്നതിനിടെ ഏപ്രിൽ 11ന് ഇദ്ദേഹത്തിന്റെ പിതാവിന് കോവിഡ് 19 സ്ഥിരീകരിച്ചു. തുടർന്നാണ് കുടുംബാംഗങ്ങളെ മുഴുവൻ കോഴിക്കോട് മെഡിക്കൽ കോളേജിൽ ഐസൊലേഷനിൽ പ്രവേശിപ്പിക്കുകയും ഏപ്രിൽ 12ന് എല്ലാവരുടെയും സാമ്പിളുകളെടുത്ത് പരിശോധനയ്ക്ക് അയയ്ക്കുകയും ചെയ്തത്. 14ന് ലഭിച്ച പരിശോധനാ ഫലത്തിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവരുടെ കുടുംബത്തിലെ 19 വയസ്സുള്ള പെൺകുട്ടിയാണ് ചൊവ്വാഴ്ച രോഗം സ്ഥിരീകരിച്ച മറ്റൊരാൾ. നേരത്തെ പത്തനംതിട്ടയിലും ക്വാറന്റൈൻ കാലാവധിക്കുശേഷം ഒരു വിദ്യാർത്ഥിക്ക് കോവിഡ് പോസിറ്റീവ് ആയിരുന്നു.