News
പോലീസ് ഓട്ടോ കടത്തി വിട്ടില്ല; വൃദ്ധനായ പിതാവിനെ തോളിൽ ചുമന്ന് മകൻ നടന്നു
കൊല്ലം : പോലീസ് ഓട്ടോ കടത്തി വിട്ടില്ല, വൃദ്ധനായ പിതാവിനെയും തോളിൽ ചുമന്ന് മകൻ ഒരു കിലോമീറ്ററോളം നടന്നു. പുനലൂരിലാണ് സംഭവം.
ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ആയ അച്ഛനെ വീട്ടിലേക്ക് കൊണ്ടുപോകാൻ വന്ന ഓട്ടോ പോലീസ് കടത്തിവിട്ടില്ല. തുടർന്നാണ് പിതാവിനെ തോളിലേറ്റി മകൻ ഒരു കിലോമീറ്ററോളം നടന്നത്.
കഴിഞ്ഞ നാലുദിവസമായി താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന കുളത്തൂപ്പുഴ സ്വദേശി ജോർജ്ജിനെ ഡിസ്ചാർജ് ചെയ്യുന്നതിനായാണ് ഓട്ടോ ഡ്രൈവറായ മകൻ റോയി പുനലൂരിൽ എത്തിയത്. എന്നാൽ, ആശുപത്രിയിലെത്താൻ ഒരുകിലോമീറ്റർ ബാക്കി നിൽക്കെ അകലെ ടിബി ജംഗ്ഷനിൽ വച്ച് പൊലീസ് വാഹനം തടയുകയായിരുന്നു. ആശുപത്രിയിലേക്കെന്ന് പറഞ്ഞിട്ടും പൊലീസ് ഓട്ടോ കടത്തിവിട്ടില്ലെന്നാണ് ആരോപണം. പിന്നാലെ വാഹനം റോഡരികിൽ ഒതുക്കിയശേഷം ആശുപത്രിയിൽ നിന്ന് പിതാവിനെ റോയി എടുത്തുകൊണ്ടുവരികയായിരുന്നു.
അതേസമയം, ആശുപത്രിയിലേക്കെന്ന് പറഞ്ഞെങ്കിലും ഇതിന്റെ രേഖകളോ സത്യവാങ്മൂലമോ ഉണ്ടായിരുന്നില്ലെന്നാണ് പൊലീസ് വിശദീകരണം. കഴിഞ്ഞ രണ്ടുദിവസമായി പുനലൂരിൽ വാഹനങ്ങൾ അനിയന്ത്രിതമായി ഇറങ്ങിയതിനെ തുടർന്ന് പൊലീസ് പരിശോധന കർശനമാക്കിയിരിക്കുകയാണ്.