നാലാം ക്ലാസുകാരിയെ ബിജെപി നേതാവ് പീഡിപ്പിച്ച കേസിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു
കണ്ണൂർ : പാനൂരിൽ അധ്യാപകൻ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. തലശ്ശേരി ഡിവൈഎസ്പി കെ.വി വേണുഗോപാലിന്റെ നേതൃത്വത്തിലാണ് അന്വേഷണ സംഘം രൂപീകരിച്ചത് .
10 വയസുള്ള പെൺകുട്ടിയെ സ്‌കൂൾ ടോയ്‌ലെറ്റിൽ വച്ച് മൂന്ന് തവണ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ് . ബിജെപി തൃപ്പങ്ങോട്ടൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റും ബിജെപി അനുകൂല അധ്യാപക സംഘടനയായ എൻ.ടി.യു ജില്ലാ നേതാവുമാണ് പ്രതി. സംഭവത്തിൽ ബിജെപി നേതാവായ അധ്യാപകന്റെ അറസ്റ്റ് വൈകുന്നതിൽ വ്യാപകമായ വിമർശനം ഉയർന്നിരുന്നു. പ്രതി ഒളിവിലാണെന്നും ലോക്ക് ഡൗൺ തിരക്കുകൾ കാരണമാണ് അന്വേഷണം വൈകുന്നതെന്നുമാണ് പോലീസിന്റെ വിശദീകരണം.
ഇതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കണ്ണൂർ എസ് പി ഓഫീസിന് മുന്നിൽ നിരാഹാര സമരവും തുടങ്ങിയിരുന്നു. ലോക്ക് ഡൗൺ നിർദേശങ്ങൾ ലംഘിച്ചതിനെ തുടർന്ന് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അധ്യാപകനായ ബിജെപി നേതാവ് കുനിയിൽ പത്മരാജനെതിരെ പൊലീസ് പോക്‌സോ നിയമപ്രകാരം കേസെടുത്തിരുന്നു. എന്നാൽ ഒരു മാസമായിട്ടും പ്രതിയെ പോലീസ് അറസ്റ്റ് ചെയ്യ്തിട്ടില്ല.