വിദ്യാർത്ഥിനിയെ പീഡിപ്പിച്ച അധ്യാപകന്റെ അറസ്റ്റ് വൈകിയ സംഭവം:അന്വേഷണ സംഘത്തിനെതിരെ മനുഷ്യാവകാശ കമ്മീഷൻ അന്വേഷണം
തിരുവനന്തപുരം : നാലാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച അധ്യാപകനെ അറസ്റ്റ് ചെയ്യാൻ വൈകിയതിൽ അന്വേഷണ സംഘത്തിനെതിരെ മനുഷ്യാവകാശ കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടു. അറസ്റ്റ് വൈകിയതിന്റെ കാരണങ്ങൾ ഡിവൈഎസ്പി റാങ്കിൽ കുറയാതെയുള്ള ഉദ്യോഗസ്ഥൻ അന്വേഷിക്കണമെന്ന് കമ്മീഷൻ ജൂഡീഷ്യൽ അംഗം പി മോഹനദാസ് കണ്ണൂർ ജില്ലാ പൊലീസ് മേധാവിക്ക് നിർദ്ദേശം നൽകി.
പ്രതിയായ അധ്യാപകനെ രക്ഷിക്കാൻ പൊലീസ് ശ്രമിച്ചെന്ന് ആരോപിച്ച് മനുഷ്യാവകാശ പ്രവർത്തകനായ ഒകെ മുഹമ്മദ് അലി സമർപ്പിച്ച പരാതിയിലാണ് നടപടി. അന്വേഷണ സംഘം പ്രതിയുടെ സ്വാധീനത്തിന് വഴങ്ങിയതായി പരാതിയിൽ പറയുന്നു. നാലാഴ്ചക്കകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അംഗം പി മോഹനദാസ് ആവശ്യപ്പെട്ടു. റിപ്പോർട്ട് ലഭിച്ച ശേഷം കേസ് കണ്ണൂരിൽ നടക്കുന്ന സിറ്റിംഗിൽ പരിഗണിക്കും.
ഇന്ന് വൈകിട്ടാണ് ബിജെപി നേതാവ് കൂടിയായ പത്മരാജനെ പൊലീസ് അറസ്റ്റ് ചെയ്തത്. തലശ്ശേരി ഡിവൈഎസ്പി കെ.വി വേണുഗോപാലിന്റെ നേതൃത്വത്തിൽ കേസ് അന്വേഷണത്തിനായി പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പത്മരാജൻ പിടിയിലായത്. സംഭവം നടന്ന് ഒരു മാസത്തിന് ശേഷമാണ് പ്രതിയെ പിടികൂടിയത്.
സ്‌കൂൾ ശുചിമുറിയിൽ വച്ച് പത്ത് വയസുള്ള പെൺകുട്ടിയെ മൂന്ന് തവണ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി. ബിജെപി തൃപ്പങ്ങോട്ടൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റും ബിജെപി അനുകൂല അധ്യാപക സംഘടനയായ എൻ.ടി.യു ജില്ലാ നേതാവുമാണ് ഇയാൾ.