സംസ്ഥാനത്ത് ഇന്ന് ഒരാൾക്ക് മാത്രമാണ് കോവിഡ് സ്ഥിരീകരിച്ചത്;7 പേർക്ക് രോഗം മാറി
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് (ബുധനാഴ്ച) ഒരാൾക്ക് മാത്രമാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. കണ്ണൂർ സ്വദേശിയാണ് ഇദ്ദേഹം. സമ്പർക്കത്തിലൂടെയാണ് ഇദ്ദേഹത്തിന് രോഗബാധയുണ്ടായത്. മുഖ്യമന്ത്രി പിണറായി വിജയനാണ് വാർത്താ സമ്മേളനത്തിൽ ഇക്കാര്യം അറിയിച്ചത്.
ഇന്ന് 7 പേർക്ക് സംസ്ഥാനത്ത് കോവിഡ് നെഗറ്റീവായി. കാസർകോട് നാലുപേർക്കും കോഴിക്കോട് രണ്ടുപേർക്കും കൊല്ലത്ത് ഒരാൾക്കുമാണ് പരിശോധനാഫലം നെഗറ്റീവായത്. 387 പേർക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇതിൽ 167 പേർ ചികിത്സയിലുണ്ട്. സംസ്ഥാനത്ത് ഇപ്പോൾ നിരീക്ഷണത്തിലുള്ളത് 97,464 പേരാണ്. ഇതിൽ 96,942 പേർ വീടുകളിലാണ് നിരീക്ഷണത്തിലുള്ളത്. 522 പേർ ആശുപത്രികളിലും നിരീക്ഷണത്തിൽ കഴിയുന്നുണ്ട്. ഇന്നുമാത്രം 86 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇതുവരെ 16,475 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു.16,002 എണ്ണത്തിൽ രോഗബാധയില്ലെന്ന് ഉറപ്പുവരുത്തിയിട്ടുണ്ട്. സംസ്ഥാനത്ത് ആകെ രോഗബാധ സ്ഥിരീകരിച്ച 387 പേരിൽ 264 പേർ വിദേശത്തുനിന്നു വന്നവരും സംസ്ഥാനത്തിനു പുറത്തുനിന്നും വന്നവരാണ്. എട്ടുപേർ വിദേശികളാണ്.
114 പേർക്കാണ് സമ്പർക്കം മൂലം രോഗം ബാധിച്ചത്. ആലപ്പുഴ-5, എറണാകുളം-21, ഇടുക്കി-10, കണ്ണൂർ-80, കാസർകോട്-167, കൊല്ലം-9, കോട്ടയം-3, കോഴിക്കോട്-16, മലപ്പുറം-21, പാലക്കാട്-8, പത്തനംതിട്ട-17, തിരുവനന്തപുരം-14, തൃശ്ശൂർ-13, വയനാട്-3 എന്നിങ്ങനൊണ് രോഗം സഥിരീകരിച്ചിട്ടുള്ളത്. രോഗം ഭേദമായി പോകുന്നവരുടെ നിരക്ക് രാജ്യത്തിൽ തന്നെ കേരളത്തിലാണ് കൂടുതലെന്നും ഇതിനോടകം 218 പേർക്ക് രോഗം പൂർണമായും ഭേദമായെന്നും മുഖ്യമന്ത്രി പറഞ്ഞു.