ഡൽഹിയിൽ പീസ ഡെലിവറി ജീവനക്കാരന് കൊവിഡ്
ഡൽഹി : ഡൽഹിയിൽ പീസ ഡെലിവറി ജീവനക്കാരന് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. പിന്നാലെ സൗത്ത് ഡൽഹിയിലുള്ള 72 പേരെ നിരീക്ഷണത്തിലാക്കി. ഇവരെക്കൂടാതെ മറ്റാരെങ്കിലുമായി ഇയാൾ സമ്പർക്കത്തിലേർപ്പെട്ടോ എന്ന കാര്യം ജില്ലാ ഭരണകൂടം അന്വേഷിച്ച് വരികയാണ്.
ഹൗസ് ഖാസ്, മൽവിയ നഗർ ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ 72 പേരാണ് നിലവിൽ ക്വാറന്റീനിൽ കഴിയുന്നത്. ഈ 72 പേരുടേയും സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടില്ലെന്നും രോഗ ലക്ഷണങ്ങൾ പ്രകടിപ്പിച്ചാൽ മാത്രമേ സ്രവ പരിശോധന നടത്തുകയുള്ളുവെന്നും ജില്ലാ മജിസ്‌ട്രേറ്റ് ബിഎം മിശ്ര പറയുന്നു.
മാർച്ച് അവസാന ആഴ്ച വരെ മാത്രമേ പീസ ഡെലിവറി ചെയ്തിരുന്ന ജീവനക്കാരൻ ജോലി നോക്കിയിരുന്നുള്ളു. കഴിഞ്ഞ ആഴ്ചയാണ് അദ്ദേഹത്തിന്റെ ഫലം പോസിറ്റീവ് ആകുന്നത്. ഈ വ്യക്തി ഡയാലിസിസിനായും മറ്റും ആശുപത്രി സന്ദർശിച്ചിരുന്നു. അവിടെ നിന്നാകാം വൈറസ് ബാധയേറ്റതെന്നാണ് പ്രാഥമിക നിഗമനം.