Top Stories
ലോകത്ത് കൊവിഡ് ബാധിതർ 21 ലക്ഷത്തിലേക്ക്
കൊവിഡ് ബാധിതരുടെ എണ്ണം ലോകമാകെ 21 ലക്ഷത്തിലേക്ക് അടുക്കുന്നു. 185 രാജ്യങ്ങളിലായി 2,084,931 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. 138,412 പേർ ലോകത്താകെ കോവിഡ് ബാധിച്ചു മരിച്ചു.
ഇന്ത്യയിൽ കൊവിഡ് ബാധിച്ചവരുടെ എണ്ണം 11,933 ആയി. ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത് 393 പേരാണ്. ഓരോ ദിവസവും ആയിരത്തിന് മുകളിൽ ആളുകൾക്കാണ് രാജ്യത്ത് കൊവിഡ് രോഗം ബാധിക്കുന്നത്. ഡൽഹി, മധ്യപ്രദേശ്, രാജസ്ഥാൻ, ഗുജറാത്ത്, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ രോഗവ്യാപനം തുടരുകയാണ്.ഇരുപത്തിനാല് മണിക്കൂറിനിടെ 1,117 പുതിയ പോസിറ്റീവ് കേസുകളും 39 മരണവുമാണ് റിപ്പോർട്ട് ചെയ്തത്. 1344 പേർ രാജ്യത്ത് രോഗമുക്തരായി.
ഏറ്റവും കൂടുതൽ രോഗബാധിതരും മരണവും അമേരിക്കയിലാണ്. 644,080 പേർക്കാണ് രാജ്യത്ത് കോവിഡ് ബാധിച്ചത്. 32,406 പേർ മരിച്ചു. ബുധനാഴ്ച മാത്രം അമേരിക്കയിൽ 2,509 മരണം റിപ്പോർട്ട് ചെയ്തു. 8,526 പേര്‍ക്കാണ് രാജ്യത്ത് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 13,477 പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.
അമേരിക്ക കഴിഞ്ഞാൽ ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്യ്തത് ഇറ്റലിയിൽ ആണ്. 21,645 പേരാണ് ഇറ്റലിയിൽ മരിച്ചത്. രോഗികൾ 165,155 ആയി. എന്നാൽ ഇറ്റലിയില്‍ രോഗികളുടെ എണ്ണവും മരണനിരക്കും ക്രമേണ കുറഞ്ഞുവരികയാണ്. ഐസിയിവിലുള്ളവരുടെ എണ്ണത്തിലും കാര്യമായ കുറവുണ്ട്. പോസിറ്റീവ് കേസുകളില്‍ 70 ശതമാനവും വീടുകളില്‍ നിരീക്ഷണത്തിലാണ്.
സ്പെയ്നിൽ രോഗബാധിതരുടെ എണ്ണം 1,80,689 ആയി. അമേരിക്ക കഴിഞ്ഞാൽ ഏറ്റവും കൂടുതൽ രോഗ ബാധിതർ സ്പെയിനിലാണ്. 18,812 പേരാണ് സ്പെയിനിൽ മരണപ്പെട്ടത്. ഫ്രാൻസിലും മരണനിരക്ക് ദിനംപ്രതി ഉയരുകയാണ്. കഴിഞ്ഞ ദിവസം 1500ഓളം പേർ മരിച്ചു. ആകെ ആൾനാശം 17,167 ആയി. ബ്രിട്ടണിൽ മരണസംഖ്യ 13,000ത്തോളമായി.
ജർമനിയിൽ 135,089 പേർക്ക് വൈറസ് സ്ഥിരീകരിച്ചു. 3797 പേർ മരിച്ചു. ഇറാനിലും ബെൽജിയത്തിലും മരണം അയ്യായിരത്തോടടുക്കുന്നു. നെതർലാൻഡിൽ മരണസംഖ്യ മൂവായിരവും കാനഡയിൽ ആയിരവും കടന്നു.
കൊവിഡ് പൂർണമായും ഭേദമായവരുടെ എണ്ണം അഞ്ച് ലക്ഷം പിന്നിട്ടു. 511,356 പേർ ഇതുവരെ രോഗമുക്തരായി. ചൈനയിലാണ് കൂടുതൽ രോഗമുക്തരുള്ളത്, 78,311 പേർ. ജർമനിയിൽ 72,600 പേർക്ക് രോഗം ഭേദമായി. സ്പെയ്നിൽ 70,853 പേരും അമേരിക്കയിൽ 36,444 പേരും രോഗംമാറി ആശുപത്രിവിട്ടു.