സംസ്ഥാനത്തെ ലോക്ക് ഡൗൺ ഇളവുകൾ:മന്ത്രിസഭായോഗം ഇന്ന്
തിരുവനന്തപുരം : രാജ്യത്ത് ലോക്ക്ഡൌൺ മെയ് 3 വരെ നീട്ടിയ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ ലോക്ക് ഡൗൺ ഇളവുകൾ ചർച്ച ചെയ്യാൻ ഇന്ന് പ്രത്യേക മന്ത്രിസഭായോഗം ചേരും. കൊവിഡിന്റെ പൊതു സ്ഥിതി ഉൾപ്പെടെ യോഗം ചർച്ച ചെയ്യും. രോഗത്തിന്റെ വ്യാപനം കുറഞ്ഞെങ്കിലും കൂടുതൽ മേഖലകളിൽ ഇളവുകൾ പ്രഖ്യാപിക്കാൻ സാധ്യത കുറവാണ്. കേന്ദ്ര മാർഗനിർദേശം അനുസരിച്ച് മുന്നോട്ടുപോകാനായിരിക്കും സംസ്ഥാന സർക്കാരിന്റെ തീരുമാനം. ചില സേവന മേഖലകളിൽ നിയന്ത്രണങ്ങളോട് കൂടിയ ഇളവുകൾ പ്രഖ്യാപിച്ചേക്കും.
കേന്ദ്രസർക്കാർ മാർഗനിർദേശങ്ങൾ ഇന്നലെ പുറപ്പെടുവിച്ചതോടെയാണ് ഇന്ന് മന്ത്രിസഭാ യോഗം ചേരാൻ തീരുമാനിച്ചത്. കേരളത്തിലെ ഹോട്സ്പോട്ടുകളായി അടയാളപ്പെടുത്തിയ ജില്ലകളൊഴിച്ച് മറ്റ് ജില്ലകളിൽ കേന്ദ്രം നിർദ്ദേശിച്ച മേഖലകളിൽ നിയന്ത്രണങ്ങളോട് കൂടിയ ഇളവുകൾ ഇന്ന് പ്രഖ്യാപിച്ചേക്കും. കേന്ദ്ര നിർദ്ദേശം മറികടന്നുള്ള ഇളവുകൾ സംസ്ഥാനം പ്രഖ്യാപിച്ചേക്കില്ല.
കർഷകർക്ക് ഉത്പന്നങ്ങൾ വിപണിയിൽ എത്തിക്കാൻ കേന്ദ്രസർക്കാർ ഇളവ് പ്രഖ്യാപിച്ച സാഹചര്യത്തിൽ സംസ്ഥാന സർക്കാരും ഇത് പരിഗണിച്ചേക്കും. സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയോടെ ചില ഫാക്ടറികള്‍ തുറക്കാമെന്നും കേന്ദ്ര നിർദ്ദേശമുണ്ട്. പാക്കേജ്ഡ് ഫുഡ് വ്യവസായം. കീടനാശിനി, വിത്ത് എന്നിവയുമായി ബന്ധപ്പെട്ട വ്യവസായങ്ങള്‍ക്ക് ഇളവുണ്ട്. ഭക്ഷണം, പലചരക്ക്, പഴം, പച്ചക്കറി, പാൽ, പാലുൽപ്പന്നങ്ങൾ, ഇറച്ചി, മീൻ വിൽപന, വൈക്കോൽ, വളം, കീടനാശിനി കടകൾ, വിത്ത് എന്നിവ വിൽക്കുന്ന കടകളും വ്യാപാരസ്ഥാപനങ്ങളും തുറക്കാമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. അന്തിമ തീരുമാനം സംസ്ഥാന സർക്കാരാണ് എടുക്കുന്നത്.
പൊതുഗതാഗതം പാടില്ലെന്നും, മദ്യശാലകൾ തുറക്കരുതെന്നും കേന്ദ്രത്തിന്റെ നിർദേശം ഉളളതിനാൽ ഇക്കാര്യങ്ങളിലെ നിയന്ത്രണങ്ങൾ തുടർന്നേക്കും. വിദ്യാഭ്യാസസ്ഥാപനങ്ങളും, ആരാധനാലയങ്ങളും മത, രാഷ്ട്രീയ, സാമൂഹ്യ, കായിക, വിനോദ, വിജ്ഞാന, സാംസ്കാരിക പരിപാടികൾ ഒന്നും പാടില്ലന്നും കേന്ദ്രത്തിന്റെ കർശന നിർദ്ദേശമുണ്ട്.
സംസ്ഥാന സർക്കാരിന്റെ പ്രധാന വരുമാന സ്രോതസ്സായ മദ്യവും, ലോട്ടറിയും വിൽപ്പനയ്ക്കുള്ള സാധ്യതയും കേന്ദ്ര നിർദ്ദേശപ്രകാരം അനുവദിച്ചേക്കില്ല. കേന്ദ്ര നിർദ്ദേശം മറികടന്ന് സംസ്ഥാന സര്‍ക്കാരുകള്‍ പ്രത്യേക ഇളവുകള്‍ നല്‍കരുതെന്ന് കേന്ദ്രം കര്‍ശനമായി നിര്‍ദേശിച്ചിട്ടുണ്ട്.