സംസ്ഥാനത്ത് ഇന്ന് 7 പേർക്ക് കോവിഡ്
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് (വ്യാഴാഴ്ച) 7 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കണ്ണൂർ ജില്ലയിൽ നാല് പേർക്കും കോഴിക്കോട് ജില്ലയിൽ രണ്ട് പേർക്കും കാസർകോട്ട് ഒരാൾക്കുമാണ് രോഗം സ്ഥിതീകരിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്.
ഇന്ന് രോഗം സ്ഥിതീകരിച്ചവരിൽ അഞ്ചു പേർ വിദേശത്തുനിന്നു വന്നവരാണ്. രണ്ടു പേർക്കം സമ്പർക്കം മൂലമാണ് രോഗം പിടിപെട്ടത്. 27 പേർക്ക് ഇന്ന് പരിശോധനാഫലം നെഗറ്റീവായി. കാസർകോട്ട് 24, എറണാകുളം, മലപ്പുറം, പാലക്കാട് ഒന്നു വീതം ആളുകൾക്കുമാണ് രോഗം ഭേദമായത്.കാസർകോട് നിന്നാണ് ഏറ്റവും കൂടുതൽ പേർ ഇന്ന് ആശുപത്രി വിട്ടത്.
സംസ്ഥാനത്ത് 394 പേർക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇതിൽ 147 പേർ ഇപ്പോൾ ചികിത്സയിലുണ്ട്. സംസ്ഥാനത്ത് ഇപ്പോൾ നിരീക്ഷണത്തിലുള്ളത് 88,855 പേരാണ്. ഇതിൽ 88,332 പേർ വീടുകളിലാണ് നിരീക്ഷണത്തിലുള്ളത്. 532 പേർ ആശുപത്രികളിലും നിരീക്ഷണത്തിൽ കഴിയുന്നുണ്ട്. ഇന്നുമാത്രം 108 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ 17400 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു.16,459 എണ്ണത്തിൽ രോഗബാധയില്ലെന്ന് ഉറപ്പുവരുത്തിയിട്ടുണ്ട്. ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണത്തിന്റെ മൂന്നിരട്ടിയാണ് രോഗമുക്തി നേടിയവരുടെ എണ്ണമെന്നും മുഖ്യമന്ത്രി അറിയിച്ചു.