Top Stories
കെഎം ഷാജി എംഎൽഎയ്ക്കെതിരെ വിജിലൻസ് കേസ്
തിരുവനന്തപുരം : അഴീക്കോട് എംഎൽഎ കെഎം ഷാജിക്കെതിരെ വിജിലൻസ് അന്വേഷണത്തിന് സർക്കാർ അനുമതി നൽകി. 2017 ൽ അഴീക്കോട് എയ്‌ഡഡ് സ്കൂളിൽ ഹയർ സെക്കൻഡറി അനുവദിക്കാൻ 25 ലക്ഷം രൂപ കൈക്കൂലി വാങ്ങി എന്ന പരാതിയിൽ ആണ് നടപടി. കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പദ്മനാഭനാണ് പരാതിക്കാരൻ.
2012-13 കാലയളവിൽ അന്നത്തെ സർക്കാർ ഹയർ സെക്കന്ററി കോഴ്സുകൾ അനുവദിക്കുന്ന സമയത്ത് പൂതപ്പാറയിലെ പ്രാദേശിക മുസ്ലിം ലീഗ് കമ്മിറ്റി സ്കൂൾ മാനേജ്മെന്റിനോട് 25 ലക്ഷം രൂപ ആവശ്യപ്പെട്ടതായി ആരോപണം ഉയർന്നിരുന്നു. അന്ന് ഈ തുക നൽകേണ്ടതില്ലെന്ന് കെഎം ഷാജി സ്കൂൾ മാനേജ്മെന്റിനോട് പറഞ്ഞു. എന്നാൽ 2017 ൽ ഇതേ സ്കൂളിൽ ഹയർ സെക്കന്ററി അനുവദിച്ച സമയത്ത് ഈ 25 ലക്ഷം രൂപ കെഎം ഷാജി കൈപ്പറ്റിയെന്നാണ് ആരോപണം.
കെ എം ഷാജി മാനേജ്മെന്റിന്റെ കയ്യിൽനിന്നും പണം വാങ്ങിയെന്ന് കാണിച്ച് ലീഗിന്റെ പ്രാദേശിക കമ്മിറ്റി തന്നെ സംസ്ഥാന നേതൃത്വത്തിന് നൽകിയ പരാതിയും പദ്മനാഭൻ വിജിലൻസിന് നൽകിയ പരാതിയിലുണ്ട്. പ്രാഥമിക അന്വേഷണം നടത്തിയ വിജിലൻസ് തുടരന്വേഷണത്തിന് സർക്കാരിനോട് അനുവാദം ചോദിച്ചിരുന്നു. സർക്കാർ അനുവാദം നൽകിയതോടെ ഉടൻ കേസ് രജിസ്റ്റർ ചെയ്ത് തുടരന്വേഷണം നടത്തും.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും സിപിഎം നേതാക്കൾക്കായി വഴിവിട്ട് സാമ്പത്തിക സഹായം നൽകിയതായി മുഖ്യമന്ത്രിയെ ലക്ഷ്യം വച്ച് കെഎം ഷാജി ഫെയ്സ്ബുക്ക് പോസ്റ്റിട്ടിരുന്നു. ഇതിന് മുഖ്യമന്ത്രി രൂക്ഷമായ ഭാഷയിൽ മറുപടി ഷാജിയ്ക്ക് നൽകിയിരുന്നു. കെഎം ഷാജിയെ പിന്തുണച്ച് എംകെ മുനീറും കുഞ്ഞാലിക്കുട്ടിയും പ്രതിപക്ഷ നേതാക്കളും
രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കെഎം ഷാജിയ്ക്കെതിരെ വിജിലൻസ് കേസിന് സർക്കാർ അനുമതി നൽകിയത്.