ലോകത്ത് കോവിഡ് മരണം ഒന്നര ലക്ഷത്തിലേക്ക്
ഡൽഹി : ലോകത്താകമാനം കൊവിഡ് ബാധിച്ചവരുടെ എണ്ണം 2,153,620 ആയി ഉയർന്നു. 143,844 പേർ ഇതുവരെ മരിച്ചു. 185 രാജ്യങ്ങളിലായി ഇതുവരെ 5,47,014 പേർ രോഗമുക്തരായി. ചികിത്സയിൽ തുടരുന്ന 56,602 പേരുടെ ആരോഗ്യസ്ഥിതി ഗുരുതരമാണ്.
ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം 12759 ആയി ഉയർന്നു. 420 പേർ മരിച്ചു. ഡൽഹിയിൽ 24 മണിക്കൂറിനിടെ ആറ് മരണവും 62 പുതിയ കേസുകളും റിപ്പോർട്ട് ചെയ്തു. ആകെ മരണം 38 ആയി. ഉത്തർപ്രദേശിൽ കോവിഡ് ബാധിതരുടെ എണ്ണം 805 ആയി. ആഗ്രയിൽ 46 ഹോട്ട്‌സ്‌പോട്ടുകൾ സീൽ ചെയ്തു. രോഗവ്യാപനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. മധ്യപ്രദേശിലെ മരണസംഖ്യ 47 ൽ എത്തി. രാജസ്ഥാനിലും ഗുജറാത്തിലും കർണാടകയിലും തമിഴ്‌നാട്ടിലും രോഗവ്യാപനം രൂക്ഷമാണ്.
അമേരിക്കയിൽ സ്ഥിതി ഗുരുതരമായിത്തന്നെ തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2,137 പേർ അമേരിക്കയിൽ കോവിഡ് ബാധിച്ചു മരണപ്പെട്ടു. മറ്റുരാജ്യങ്ങളിലെല്ലാം മരണനിരക്ക് ആയിരത്തിൽ താഴെയാണ്. 6,67,801 പേർക്കാണ് യുഎസിൽ കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ രണ്ട് ലക്ഷത്തോളം രോഗികളും ന്യൂയോർക്കിലാണ്. 34,580 പേർ ഇതുവരെ മരിച്ചു.
ഇറ്റലിയിൽ 22,170 പേർ മരിച്ചു. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് മരണനിരക്ക് അൽപം കുറഞ്ഞു. 24 മണിക്കൂറിനുള്ളിൽ 525 പേരാണ് മരിച്ചത്. 1,68,941 പേർക്ക് രോഗം സ്ഥിരീകരിച്ചു. സ്പെയ്നിൽ മരണം 19,315 ആയി വർധിച്ചു. പുതുതായി 503 മരണം റിപ്പോർട്ട് ചെയ്തു. 1,84,948 പേർക്ക് വൈറസ് സ്ഥിരീകരിച്ചു. ഫ്രാൻസിൽ മരണം 18,000 ത്തിലേക്ക് അടുക്കുന്നു. ബ്രിട്ടണിൽ രോഗികളുടെ എണ്ണം ഒരു ലക്ഷം കടന്നു. മരണം 13,729 ആയി.1.37 ലക്ഷം രോഗികളുള്ള ജർമനിയിൽ മരണം 4000 പിന്നിട്ടു. ഇറാനിലും ബെൽജിയത്തിലും മരണം 5000 ത്തിലേക്ക് അടുക്കുന്നു.