Top Stories

ലോക്ക്ഡൗൺ നിയന്ത്രണം: സംസ്ഥാനത്തെ 4 സോണുകളായി തിരിച്ചു

തിരുവനന്തപുരം : ലോക്ക്ഡൗൺ നിയന്ത്രണങ്ങളുടെ ഭാഗമായി സംസ്ഥാനത്തെ നാലു സോണുകളായി തിരിച്ചു കൊണ്ടുള്ള ഉത്തരവിറങ്ങി. റെഡ്, ഓറഞ്ച് എ, ഓറഞ്ച് ബി, ഗ്രീൻ എന്നിങ്ങനെയാണ് സോണുകളാക്കിയിട്ടുള്ളത്.

റെഡ് സോൺ : കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളാണ് റെഡ് സോണിൽ ഉൾപ്പെട്ടിരിയ്ക്കുന്നത്. ഈ ജില്ലകളിൽ മേയ് മൂന്നുവരെ സമ്പൂർണ അടച്ചിടൽ നടപ്പാക്കും. യാതൊരു ഇളവുകളും ഈ ജില്ലകളിൽ ഉണ്ടാകില്ല.

ഓറഞ്ച് സോൺ എ : പത്തനംതിട്ട, എറണാകുളം, കൊല്ലം എന്നീ ജില്ലകളാണ് ഓറഞ്ച്സോണിൽ ഉൾപ്പെട്ടിരിയ്ക്കുന്നത്. ഈ ജില്ലകളിൽ ഏപ്രിൽ 24 വരെ ഇളവുകൾ ബാധകമല്ല. 24 ന് ശേഷം ഭാഗികമായ ഇളവുകൾ നൽകും.

ഓറഞ്ച് സോൺ ബി : ആലപ്പുഴ, തിരുവനന്തപുരം,പാലക്കാട്, വയനാട്, തൃശ്ശൂർ എന്നീ ജില്ലകളാണ് ഓറഞ്ച് സോൺ ബിയിൽ ഉൾപ്പെട്ടിരിയ്ക്കുന്ന  ത്. ഈ ജില്ലകളിൽ ഏപ്രിൽ 20 വരെ ഇളവുകൾ ബാധകമല്ല. 20 ന് ശേഷം  ഭാഗികമായ ഇളവുകൾ.

ഗ്രീൻ സോൺ : കോട്ടയം, ഇടുക്കി എന്നീ ജില്ലകളാണ് ഗ്രീൻ സോണിൽ  ഉൾപ്പെട്ടിരിയ്ക്കുന്നത്. ഈ ജില്ലകളിൽ ഏപ്രിൽ 20 വരെ ഇളവുകൾ ബാധകമല്ല. 20 ന് ശേഷം  സാമൂഹിക അകലം പാലിച്ചുകൊണ്ടുള്ള ജനജീവിതം സാധ്യമാക്കും.

ഓരോ മേഖലകളിലെയും ഇളവുകൾ

ഓറഞ്ച് എ മേഖലയിൽ  24-നു ശേഷവും ഓറഞ്ച് ബി മേഖലയിൽ 20-നു ശേഷവും സ്വകാര്യ വാഹനങ്ങൾക്ക് അനുമതിയുണ്ടാകും.

ഒറ്റ അക്ക നമ്പറുകൾ ഉള്ള വാഹനങ്ങൾക്ക് തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ പുറത്തിറങ്ങാം. ഇരട്ട അക്ക നമ്പർ വാഹനങ്ങൾക്ക് വ്യാഴം, ശനി ദിവസങ്ങളിൽ അനുമതി കിട്ടും.

നാല് ചക്ര വാഹനങ്ങളിൽ ഡ്രൈവർ അടക്കം മൂന്നു പേർ മാത്രമേ യാത്ര ചെയ്യാൻ പാടുള്ളൂ. ഇരു ചക്ര വാഹനങ്ങളിൽ ഒരാൾ മാത്രം. കുടുംബാംഗമാണെങ്കിൽ രണ്ട് പേർക്ക് യാത്ര ചെയ്യാം. യാത്രക്കാർക്ക് എല്ലാം മാസ്‌ക് നിർബന്ധമാണ്.

ഓറഞ്ച് എ, ബി മേഖലയിൽ അതാത് ജില്ലക്കുള്ളിൽ സിറ്റി ബസ് സർവീസ് അനുവദിക്കും. ബസ്സിൽ രണ്ട് പേ‍ർക്ക്  ഇരിക്കാനാകുന്ന സീറ്റിൽ ഒരാൾക്ക് മാത്രമേ ഇരിക്കാനാകൂ. നിന്ന് യാത്ര ചെയ്യുന്നത് അനുവദിക്കില്ല.

ഓറഞ്ച് എ ബി  കാറ്റഗറികളിൽ അക്ഷയ കേന്ദ്രങ്ങൾ, പോസ്റ്റോഫീസുകൾ എന്നിവ തുറക്കാം.

ഓറഞ്ച്, ഗ്രീൻ മേഖലകളിൽ അവശ്യ സാധനം വിൽക്കുന്ന കടകളുടെ സമയം കൂട്ടി. രാവിലെ 7 മുതൽ വൈകീട്ട് 7 വരെയാണ്.

ഓറഞ്ച്, ഗ്രീൻ സോണുകളിൽ ഹോട്ടലുകൾ തുറക്കാൻ അനുമതി. രാത്രി 7 മണി വരെ ഹോട്ടലിൽ ഇരുന്ന് ഭക്ഷണം കഴിക്കാം. രാത്രി 8 മണി വരെ പാഴ്സൽ നൽകാൻ അനുമതിയുണ്ടാകും.

ഓറഞ്ച്,ഗ്രീൻ സോണുകളിൽ കെട്ടിട നിർമാണത്തിന് അനുമതി നൽകും. പക്ഷേ, സാമൂഹ്യാകലം പാലിച്ചാകണം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button