അലനും താഹയ്ക്കും ജാമ്യം
കൊച്ചി : പന്തീരാങ്കാവ് യു.എ.പി.എ. കേസിലെ പ്രതികളായ അലനും താഹയ്ക്കും കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചു. കൊച്ചിയിലെ എൻ.ഐ.എ. കോടതിയാണ് ജാമ്യം അനുവദിച്ചത്.
ഒരു ലക്ഷം രൂപയുടെ ബോണ്ട്, മാതാപിതാക്കളിൽ ആരുടെയെങ്കിലും ജാമ്യം, പാസ്പോർട്ട് സറണ്ടർ ചെയ്യണം, മാവോയിസ്റ്റ് സംഘടനകളുമായി ബന്ധം പാടില്ല തുടങ്ങിയ കർശന ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്.
പത്ത് മാസമായി എൻ.ഐ.എ. കസ്റ്റഡിയിൽ കഴിയുകയാണ് ഇരുവരും. മാവോയിസ്റ്റ് ബന്ധത്തിനുള്ള തെളിവുകൾ ശേഖരിക്കാൻ കഴിഞ്ഞിട്ടില്ല, ചോദ്യം ചെയ്യൽ പൂർത്തിയായിട്ടും കസ്റ്റഡിയിൽ തുടരുന്നു തുടങ്ങിയ വാദങ്ങളാണ് പ്രതിഭാഗം വക്കീൽ മുന്നോട്ടുവെച്ചത്. ഇവ അംഗീകരിച്ചുകൊണ്ടാണ് കോടതി ജാമ്യം അനുവദിച്ചത്.
2019 നംവബർ ഒന്നിനായിരുന്നു മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അലനേയും താഹയേയും പോലീസ് അറസ്റ്റ് ചെയ്തത്. ഒരു മാസത്തിനു ശേഷം കേസ് എൻ.ഐ.എ. ഏറ്റെടുക്കുകയായിരുന്നു.