സംസ്ഥാനത്ത് ഇന്ന് രണ്ടു പേർക്കു കൂടി കോവിഡ്
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് രണ്ടു പേർക്കു കൂടി കോവിഡ്- 19 സ്ഥിരീകരിച്ചു. കണ്ണൂർ,കാസർകോട് സ്വദേശികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. കണ്ണൂർ ജില്ലയിലുള്ളയാൾ അബുദാബിയിൽ നിന്നും കാസർകോട് ജില്ലയിലുള്ളയാൾ ദുബായിൽ നിന്നും നാട്ടിലെത്തിയവരാണ്.
13 പേർ കൂടി സംസ്ഥാനത്ത് രോഗമുക്തി നേടി. കാസർകോട് ജില്ലയിലെ എട്ടുപേരുടേയും കണ്ണൂർ ജില്ലയിലെ മൂന്നുപേരുടേയും മലപ്പുറം, തൃശൂർ ജില്ലകളിലെ ഓരോരുത്തരുടേയും പരിശോധനാ ഫലമാണ് നെഗറ്റീവായത്. ഇതോടെ 270 പേരാണ് ഇതുവരെ കോവിഡിൽ നിന്നും രോഗമുക്തി നേടിയത്.
129 പേരാണ് നിലവിൽ സംസ്ഥാനത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത്. ഇന്ന് 72 പേരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 55,590 പേരാണ് സംസ്ഥാനത്ത് വിവിധ ജില്ലകളിലായി നിരീക്ഷണത്തിലുള്ളത്. ഇവരിൽ 55,129 പേർ വീടുകളിലും 461 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. രോഗലക്ഷണങ്ങളുള്ള 19,351 വ്യക്തികളുടെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിൽ ലഭ്യമായ 18,547 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്.