News
പോലീസ് ആക്ട് ചട്ടം ഭേദഗതിചെയ്തു; പെറ്റികേസ് പിഴ 5000 വരെ
തിരുവനന്തപുരം : പെറ്റിക്കേസുകളുടെ പിഴ തുക നിശ്ചയിച്ചും പോലീസ് അസോസിയേഷൻ പ്രവർത്തനങ്ങൾക്കും ഉദ്യോഗസ്ഥർക്കും പെരുമാറ്റ ചട്ടം പുതുക്കിയും സംസ്ഥാന പോലീസ് ആക്ട് ചട്ടം ഭേദഗതിചെയ്തു. ഇത് പ്രകാരം പോലീസ് അസോസിയേഷനുകൾക്കും ഉദ്യോഗസ്ഥർക്കും രാഷ്ട്രീയ പ്രവർത്തനം പാടില്ല. രണ്ട് വർഷത്തിലേറെ അസോസിയേഷന്റെ ഭാരവാഹിയായി ഒരാൾക്ക് തുടരാനും പാടില്ല.
പോലീസ് ഉദ്യോഗസ്ഥർക്ക് പരോക്ഷമായുള്ള രാഷ്ട്രീയ പ്രവര്‍ത്തനങ്ങൾക്ക് പോലും വിലക്കുണ്ട്. മാധ്യമങ്ങളോട് സംസാരിക്കുന്നതിന് സംസ്ഥാന പൊലീസ് മേധാവിയുടെ അനുമതി വേണം. കൂടാതെ സോഷ്യൽ മീഡിയയിൽ ഇടപെടുന്നതിനും പരിമിതി നിർദ്ദേശിച്ചു. അസോസിയേഷനുകളുടെ സമ്മേളനങ്ങള്‍ ഒരു ദിവസത്തില്‍ കൂടരുതെന്നും നിര്‍ദേശമുണ്ട്.
ഗുരുതരമല്ലാത്ത കുറ്റകൃത്യങ്ങൾക്ക് 500 മുതൽ 5000 രൂപവരെ പിഴ നിജപ്പെടുത്തി.1000 രൂപവരെയുള്ള പിഴ സ്റ്റേഷൻ ഹൗസ് ഓഫീസർ അല്ലെങ്കിൽ എസ്.ഐ. റാങ്കിലുള്ള ഉദ്യോഗസ്ഥനും അതിനുമുകളിൽ 5000 രൂപവരെയുള്ള പിഴ ജില്ലാ പോലീസ് മേധാവിമാർക്കും ഈടാക്കാനാകും. ഇത് പ്രകാരം പെറ്റി കേസുകള്‍ തീര്‍പ്പാക്കാന്‍ ഇനിമുതൽ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കേണ്ടതില്ല.
പോലീസ് ഉദ്യോഗസ്ഥന് തെറ്റായ വിവരം നൽകൽ, പോലീസ്, ഫയർഫോഴ്സ് തുടങ്ങിയ അവശ്യസർവീസുകളെ വഴിതെറ്റിക്കുകയോ വ്യാജസന്ദേശം നൽകുകയോ ചെയ്യൽ എന്നിവയ്ക്ക് 5000 രൂപയാണ് പിഴ.
18 വയസ്സിൽ താഴെയുള്ളവർക്ക് ലഹരിപദാർഥങ്ങളോ ആരോഗ്യത്തിന് ഹാനികരമായ വസ്തുക്കളോ വിൽക്കുകയോ സ്കൂൾ പരിസരത്ത് സൂക്ഷിക്കുകയോ ചെയ്താൽ 5000 രൂപ പിഴ ഈടാക്കും.
മാനനഷ്ടമുണ്ടാക്കുന്നതോ ഭീഷണിപ്പെടുത്തുന്നതോ ആയ പോസ്റ്ററുകൾ പതിച്ചാലും, ഫോൺ, ഇ-മെയിൽ തുടങ്ങിയവ വഴി മറ്റൊരാൾക്ക് ശല്യമുണ്ടാക്കിയാലും 1000 രൂപയാണ് പിഴ.
വളർത്തുമൃഗങ്ങളെ, അയൽവാസികൾക്കോ പൊതുജനങ്ങൾക്കോ അസൗകര്യമുണ്ടാക്കുന്നവിധത്തിൽ അലക്ഷ്യമായിവിട്ടാൽ 500 രൂപ പിഴ.
വാഹനങ്ങളുടെ മുന്നിലും പിന്നിലും അഞ്ചടിയിൽ കൂടുതൽ തള്ളിനിൽക്കുന്ന സാധനവുമായി സഞ്ചരിച്ചാലും മോട്ടോർ ഘടിപ്പിക്കാത്ത വാഹനം സൂര്യോദയത്തിനും അസ്തമയത്തിനും അരമണിക്കൂർ മുന്‍പും ശേഷവും മതിയായ വെളിച്ചമില്ലാതെ കൊണ്ടുപോയാലും 500 രൂപ പിഴ ഈടാക്കും.