സംസ്ഥാനത്തെ കോടതികൾ ചൊവ്വാഴ്ച്ച മുതൽ പ്രവർത്തിയ്ക്കും
കൊച്ചി : ലോക്ക്ഡൌൺ കാരണം കഴിഞ്ഞ ഒരു മാസമായി അടഞ്ഞുകിടന്നിരുന്ന കോടതികളുടെ പ്രവർത്തനം ചൊവ്വാഴ്ച മുതൽ വീണ്ടും ആരംഭിയ്ക്കാൻ ഹൈക്കോടതി സർക്കുലർ. ഗ്രീൻ, ഓറഞ്ച് ബി എന്നീ സോണുകളിലുള്ള കോടതികളുടെ പ്രവർത്തനങ്ങളാണ് ഭാഗിക നിയന്ത്രണങ്ങളോടെ ചൊവ്വാഴ്ച മുതൽ ആരംഭിക്കുക.
തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, തൃശൂർ, ഇടുക്കി, വയനാട്, പാലക്കാട് ജില്ലകളിലെ കോടതികൾ ചൊവ്വാഴ്ച മുതൽ പ്രവർത്തനം തുടങ്ങും. എന്നാൽ എറണാകുളം, പത്തനംതിട്ട, കൊല്ലം എന്നീ ഓറഞ്ച് എ പട്ടികയിലുള്ള കോടതികളുടെ പ്രവർത്തനങ്ങൾ ശനിയാഴ്ച മുതൽ മാത്രമേ ആരംഭിയ്ക്കുള്ളൂ.
എന്നാൽ കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം എന്നീ റെഡ് സോണുകളിലെ കോടതികൾ ലോക്ക് ഡൗൺ അവസാനിക്കുന്ന മെയ് മൂന്ന് വരെ അടഞ്ഞ് കിടക്കുമെന്നും ഹൈക്കോടതി ഇറക്കിയ സർക്കുലറിൽ പറയുന്നു.
വീഡിയോ കോൺഫറൻസിങ് മുഖേനയാവും കേസുകൾ പരിഗണിക്കുന്നത്. കോടതിയിൽ എത്തുന്ന കക്ഷികളുടെ കാര്യത്തിൽ നിയന്ത്രണങ്ങൾ ഉണ്ടാകും. പ്രവർത്തനം ആരംഭിക്കുന്ന കോടതികളിൽ 33% ജീവനക്കാർ ഹാജരാകണം.കോടതികളിൽ വെക്കേഷൻ സമയം ആയതുകൊണ്ട് തന്നെ അടഞ്ഞ് കിടന്ന സമയങ്ങളിലെ കെട്ടി കിടക്കുന്ന ജോലികൾ ചെയ്ത് തീർക്കണമെന്നും സർക്കുലറിൽ നിർദ്ദേശിക്കുന്നു.
സുപ്രീംകോടതിയുടെയും സംസ്ഥാന സർക്കാറിൻ്റെയും മാർഗരേഖകൾ അനുസരിച്ചാണ് കോടതികളുടെ പ്രവർത്തനങ്ങൾ ക്രമീകരിച്ചിരിയ്ക്കുന്നതെന്ന് ഹൈക്കോടതി സർക്കുലറിൽ ചൂണ്ടിക്കാട്ടുന്നു.