സ്പ്രിംഗ്ലർ വിവാദം മുഖ്യമന്ത്രിയെ അപമാനിയ്ക്കാൻ:എകെ ബാലൻ
തിരുവനന്തപുരം : സ്പ്രിംഗ്ലർ വിവാദം മുഖ്യമന്ത്രിയെ അപമാനിയ്ക്കാനാണെന്നും വിഷയത്തിൽ ഐടി വകുപ്പിന് വീഴ്ച സംഭവിച്ചിട്ടില്ലെന്നും നിയമമന്ത്രി എ.കെ ബാലൻ. കരാർ സംബന്ധിച്ച് നിയമവകുപ്പ് അറിയേണ്ട കാര്യമില്ല. ഐടി വകുപ്പ് മാത്രം തീരുമാനിച്ചാൽ മതി . കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഫലമായി സർക്കാരിന്റെ ഖ്യാതി ഉന്നതിയിൽ നിൽക്കുകയാണ്. ഇത് തിരഞ്ഞെടുപ്പിൽ തങ്ങൾക്ക് പ്രതികൂലമാകും എന്ന പേടിമൂലമാണ് പ്രതിപക്ഷം ഇപ്പോൾ ഇത്തരത്തിൽ പ്രതികരിക്കുന്നതെന്നും എ കെ ബാലൻ പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ആരോഗ്യ പ്രവർത്തകരും ശേഖരിച്ച വിവരങ്ങൾ വിശകലനം ചെയ്യാൻ സോഫ്റ്റ്വെയർ വേണം എന്ന് തീരുമാനിച്ചത് ഐടി വകുപ്പാണ്. ഡാറ്റയുടെ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങൾ അറിയാവുന്ന ഐടി വകുപ്പ് എന്ന നിലയിൽ എല്ലാ സുരക്ഷയും സ്വീകരിച്ചുകൊണ്ടാണ് നടപടി സ്വീകരിച്ചത്. അത് അക്കാര്യത്തിൽ ഐടി വകുപ്പിന്റെ നടപടിയോട് ഒരു വിധത്തിലുള്ള വിയോജിപ്പും സർക്കാരിനില്ല. സുരക്ഷ സംബന്ധിച്ച് പ്രതിപക്ഷത്തിന്റെ ആരോപണം ഉണ്ടായ ഉടൻ തന്നെ ഡാറ്റ സർക്കാരിന്റെ കീഴിലുള്ള സിഡിറ്റിനെ ഏൽപിച്ചതായും മന്ത്രി ചൂണ്ടിക്കാട്ടി. ഡാറ്റാ ചോർച്ചയുണ്ടായാൽ ഉത്തരവാദി ഐടി സെക്രട്ടറിയാണെന്നും, റിസ്ക് എടുത്തവർക്കല്ലെ ഉത്തരവാദിത്വമെന്നും എ കെ ബാലൻ പറയുന്നു.