സ്പ്രിംഗ്ലർ വിവാദത്തിൽ മുഖ്യമന്ത്രിയ്ക്ക് പിന്നിൽ സിപിഎം ഒറ്റക്കെട്ട്
തിരുവനന്തപുരം : സ്പ്രിംഗ്ലർ വിവാദത്തിൽ മുഖ്യമന്ത്രിയ്ക്ക് പിന്നിൽ സിപിഎം ഒറ്റക്കെട്ട്. ഡേറ്റാ സുരക്ഷയുമായി ബന്ധപ്പെട്ട് സിപിഎം മുൻ കാലങ്ങളിൽ സ്വീകരിച്ചിരുന്ന നിലപാടുകളിൽ നിന്ന് മലക്കം മറിഞ്ഞാണ് പിണറായി വിജയനെ സംരക്ഷിയ്ക്കാനുള്ള നേതാക്കളുടെ പ്രസ്താവനകൾ.
മുഖ്യമന്ത്രിയെ അപമാനിക്കാനാണ് ആരോപണങ്ങൾ ഉന്നയിക്കുന്നവരുടെ ശ്രമം. ലാവലിൻ വിഷയവുമായി ബന്ധപ്പെട്ട ആരോപണം വന്ന സമയത്ത് മുഖ്യമന്ത്രിയുടെ ഭാര്യ കമലയ്ക്ക് ഇന്റർനാഷണൽ ഹോട്ടൽ ഉണ്ട് എന്ന് പറഞ്ഞവരാണ് പ്രതിപക്ഷം. അങ്ങനെ നശിപ്പിച്ച് കളയാൻ കഴിയുന്ന ആളാണ് പിണറായി എന്ന് ആരും കരുതേണ്ടതില്ലെന്ന് മന്ത്രി എ കെ ബാലൻ പറഞ്ഞു. ഡാറ്റ ദുരുപയോഗിക്കപ്പെടില്ല എന്ന് സർക്കാർ ഉറപ്പ് നൽകിയിട്ടും വീണ്ടും വീണ്ടും വിവാദമാക്കുന്നത് എന്തിനാണ്? നിയമവിരുദ്ധ പ്രവർത്തനമാണ് നടന്നതെങ്കിൽ എന്തുകൊണ്ട് കോടതിയെ സമീപിക്കുന്നില്ലെന്നും നിയമമന്ത്രി എ കെ ബാലൻ ചോദിച്ചു.
സംസ്ഥാന ചരിത്രത്തിൽ ആദ്യമായാണ്, ഒരു വകുപ്പ് നടത്തിയ കരാറിൽ അഴിമതി ആരോപണം വന്നപ്പോൾ അതിനെ പ്രതിരോധിയ്ക്കാനായി വകുപ്പ് സെക്രട്ടറി ചാനലുകൾ കയറിയിറങ്ങി മണിക്കൂറുകൾ നീണ്ട ഇന്റർവ്യൂകളിലൂടെ ക്രമക്കേടിനെ ന്യായീകരിയ്ക്കാൻ ശ്രമിയ്ക്കുന്നത്. എല്ലാ ഉത്തരവാദിത്തങ്ങളും വകുപ്പ് സെക്രട്ടറി ഏറ്റെടുക്കുകയാണ്. ഐ ടി വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി കാര്യങ്ങൾ കൈവിട്ട് പോയതോടെ മാധ്യമങ്ങൾക്ക് മുന്നിൽ വരണ്ടാന്നു പോലും തീരുമാനിച്ചു.