കാനഡയിൽ വെടിവയ്പ്പ്:16 പേർ കൊല്ലപ്പെട്ടു
ഒട്ടാവ : കാനഡയിൽ പോലീസ് വേഷധാരി നടത്തിയ വെടിവയ്പിൽ 16 പേർ കൊല്ലപ്പെട്ടു. പൊലീസ് ഉദ്യോഗസ്ഥ ഉൾപ്പെടെയാണ് കൊല്ലപ്പെട്ടത്. കാനഡയിലെ നോവ സ്കോഷ്യ പ്രവിശ്യയിലാണ് ആക്രമണം. 30 വർഷത്തിനിടെ കാനഡയിലുണ്ടായ ഏറ്റവും വലിയ വെടിവയ്പാണിത്.
ഹാലിഫാക്സ് നഗരത്തിന് 100 കിലോമീറ്റർ അകലെയുള്ള പോർട്ടാപിക്യുവിൽ ഞായറാഴ്ച രാത്രിയാണ് വെടിവയ്പ് നടന്നത്. അമ്പത്തൊന്നുകാരനായ ഗബ്രിയേല്‍ വോട്മാന്‍ എന്നയാളാണ് വെടിവെയ്പിന് പിന്നിലെന്ന് റോയല്‍ കനേഡിയന്‍ മൗണ്ടഡ് പൊലീസ് അറിയിച്ചു. പൊലീസിന്റെ പ്രത്യാക്രമണത്തിൽ ഗബ്രിയേൽ കൊല്ലപ്പെട്ടതായാണ് വിവരം.
പോർട്ടാപിക്യുവിൽ താത്ക്കാലികമായി താമസിച്ചുവരുന്നയാളാണ് അക്രമി. കൊല്ലപ്പെട്ടവരിൽ ആർക്കും ഗബ്രിയേലുമായി പ്രത്യക്ഷത്തിൽ ബന്ധമില്ലെന്നും ആക്രമണത്തിന്റെ ലക്ഷ്യമെന്താണെന്ന് കണ്ടെത്തിയിട്ടില്ലെന്നും പോലീസ് അറിയിച്ചു. ഇയാൾ പൊലീസുകാരനായി വേഷംമാറുകയും തന്റെ കാറിനെ പൊലീസ് വാഹനം പോലെ മാറ്റുകയും ചെയ്തിരുന്നതായി അധികൃതർ പറഞ്ഞു. ആക്രമണത്തിൽ നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു.
1989 ഡിസംബറിൽ മോൺട്രിയയിൽ 15 സ്ത്രീകൾ വെടിവെയ്പിൽ കൊല്ലപ്പെട്ടതാണ് ഇതിന് മുമ്പ് കാനഡയിൽ രേഖപ്പെടുത്തിയ ഏറ്റവും വലിയ കൂട്ടക്കൊല.