Top Stories
കേരളം ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ചെന്ന് കേന്ദ്രസർക്കാർ നോട്ടീസ്
ന്യൂഡൽഹി : കേരളം ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ചെന്ന് കേന്ദ്രസർക്കാർ നോട്ടീസ് അയച്ചു. കേന്ദ്ര മാർഗരേഖയിലെ വ്യവസ്ഥകൾ കേരളം ലംഘിച്ചുവെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു. ബാർബർ ഷോപ്പുകളും റസ്റ്റോറന്റുകളും വർക്ക്ഷോപ്പുകളും തുറന്നുപ്രവർത്തിക്കാൻ കേരളം അനുമതി നൽകിയത് ഗുരുതര ലംഘനമാണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം ചീഫ് സെക്രട്ടറിയ്ക്കയച്ച നോട്ടീസിൽ പറയുന്നു. വീഴ്ചയെക്കുറിച്ച് സംസ്ഥാനം വിശദീകരണം നൽകണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
2005 ലെ ദേശീയ ദുരന്ത നിവാരണ നിയന്ത്രണ നിയമപ്രകാരമാണ് ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. മെയ് മൂന്ന് വരെ ലോക്ക്ഡൗൺ കർശനമായി തുടരണമെന്നായിരുന്നു കേന്ദ്ര നിർദ്ദേശം. ഏപ്രിൽ 15ന് ഹോട്ട്സ്പോട്ടുകൾ അല്ലാത്ത പ്രദേശങ്ങളിൽ ചില ഇളവുകൾ കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിരുന്നു. 2005 ലെ നിയമത്തെ അടിസ്ഥാനമാക്കിയായിരുന്നു ഈ മാർഗ രേഖ. എന്നാൽ സംസ്ഥാനം ഈ മാർഗ രേഖയിലെ നിർദ്ദേശങ്ങൾ കാറ്റിൽപറത്തിയെന്ന് കേന്ദ്രം ചൂണ്ടിക്കാട്ടുന്നു.
ഏപ്രിൽ 20 മുതൽ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ഇളവുകളിൽ കേന്ദ്രം പ്രഖ്യാപിക്കാത്ത ചില ഇളവുകൾ കേരളം അനുവദിച്ചതാണ് കേന്ദ്രം ഗൗരവമായി എടുത്തിരിക്കുന്നത്. ഇരുചക്ര വാഹങ്ങളിൽ രണ്ട് പേർ സഞ്ചരിക്കുന്നതും ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുമതി നൽകുന്നതും കേന്ദ്ര നിർദ്ദേശത്തിൽ വെള്ളംചേർത്തുകൊണ്ടാണെന്ന് ആഭ്യന്തര സെക്രട്ടറി അജയ് കുമാർ ഭല്ല അയച്ച കത്തിൽ പറയുന്നു. കേന്ദ്രസർക്കാരിന്റെ അനുമതിയില്ലാതെ ഇത്തരമൊരു ഇളവ് അനുവദിക്കാൻ സംസ്ഥാനത്തിന് അധികാരമില്ലെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.