Top Stories
രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 18000 കടന്നു
ഡൽഹി : രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 18,601 ആയി. 3252 പേർക്ക് ഇതുവരെ രോഗം ഭേദമായി. 590 പേർ ഇതുവരെ കൊവിഡ് ബാധിച്ചു മരിച്ചുവെന്നാണ് ഔദ്യോഗിക കണക്ക്. നിലവിൽ 14,759 പേരാണ് രാജ്യത്ത് കോവിഡ് ചികിത്സയിലുള്ളത്.
രാജ്യത്ത് കോവിഡ്-19 ബാധിച്ചവരിൽ 80 ശതമാനവും രോഗലക്ഷണമില്ലാത്തവരാണെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി. രോഗലക്ഷണങ്ങൾ കാണിക്കാത്ത കോവിഡ് ബാധിതരിലേറെയും 20-45 വയസ്സിന് ഇടയിലുള്ളവരാണ്. ചില മരുന്നുകൾ കഴിക്കുന്ന പ്രായമുള്ളവരിലും രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടില്ല. രോഗപ്രതിരോധശേഷി കുറഞ്ഞവരിലും മറ്റു രോഗങ്ങളുള്ളവരിലുമാണ് കോവിഡ് ലക്ഷണങ്ങൾ വേഗം കണ്ടുതുടങ്ങുക.
കഴിഞ്ഞദിവസങ്ങളിൽ ഡൽഹിയിൽ ശേഖരിച്ച 736 സാംപിളുകളിൽ കോവിഡ് സ്ഥിരീകരിച്ച 186 പേർക്ക് രോഗലക്ഷണങ്ങളില്ലായിരുന്നെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ വ്യക്തമാക്കി. രോഗലക്ഷണങ്ങളില്ലാതിരുന്നതിനാൽ തങ്ങൾ വൈറസ് വാഹകരാണെന്ന് അവർക്ക് അറിയില്ലായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
വിവിധ സംസ്ഥാനങ്ങൾ നൽകിയ കണക്കുകൾപ്രകാരം കോവിഡ് സ്ഥിരീകരിച്ചവരിൽ 50 മുതൽ 82 വരെ ശതമാനം രോഗലക്ഷണങ്ങളില്ലാത്തവരായിരുന്നു. അസമിൽ കോവിഡ് സ്ഥിരീകരിച്ചവരിൽ 82 ശതമാനംപേർക്കും രോഗലക്ഷണമില്ലായിരുന്നു. പഞ്ചാബിലെയും ഉത്തർപ്രദേശിലെയും രോഗികളിൽ 75 ശതമാനത്തിനും കർണാടകത്തിലെ 60 ശതമാനത്തിനും മഹാരാഷ്ട്രയിലെ 65 ശതമാനത്തിനും ഹരിയാണയിലെ 50 ശതമാനത്തിലെറെപ്പേർക്കും രോഗലക്ഷണവുമില്ലായിരുന്നു.
അതേസമയം, രാജ്യത്ത് കൊവിഡ് തീവ്ര മേഖലകളിലെ സ്ഥിതി പരിശോധിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആറ് സമിതികൾക്ക് രൂപം നൽകി. തീവ്രമേഖലകളിൽ നിയന്ത്രണങ്ങൾ കര്‍ശനമായി പാലിക്കുന്നുണ്ടോ എന്ന് നേരിട്ടെത്തി പരിശോധിക്കാനാണ് സമിതി. സമ്പൂര്‍ണ ലോക് ഡൗണ്‍ മെയ് 3ന് ശേഷവും തുടരാനാണ് ചില സംസ്ഥാനങ്ങളുടെ തീരുമാനം.