Top Stories

റമദാൻ മാസത്തിൽ എല്ലാ ആരാധനാലയങ്ങളിലും നിലവിലുള്ള സ്ഥിതി തുടരും

തിരുവനന്തപുരം : കോവിഡ് ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ റമദാൻ മാസത്തിലും എല്ലാ മുസ്ലീം ആരാധനാലയങ്ങളിലും നിലവിലുള്ള സ്ഥിതി തുടരാൻ മുസ്ലീം സംഘടനാ നേതാക്കളുമായും മതപണ്ഡിതന്മാരുമായും നടത്തിയ ആശയവിനിമയത്തിൽ ധാരണയായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇഫ്താർ, ജുമുഅ, തറാവീഹ്, അഞ്ച് നേരത്തെ ജമാഅത്ത് നമസ്കാരം, കഞ്ഞി വിതരണം പോലുള്ള ദാനധർമ്മങ്ങൾ ഇവയെല്ലാം വേണ്ടെന്ന് വെയ്ക്കും. നിലവിലെ സാഹചര്യത്തിൽ അതാണ് നല്ലതെന്ന് പണ്ഡിതന്മാർ തന്നെ അഭിപ്രായപ്പെട്ടെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ഇസ്ലാം മതവിശ്വാസികളുടെ ഏറ്റവും വലിയ പുണ്യകേന്ദ്രങ്ങളായ മക്കയിലും മദീനയിലും വരെ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ മതനേതാക്കൾ തന്നെ ചൂണ്ടിക്കാണിച്ചു. കോവിഡ് നിയന്ത്രണത്തിന് സർക്കാർ നിർദേശങ്ങൾ പൂർണമായും പാലിക്കുമെന്ന് അവർ ഉറപ്പുനൽകിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

സാഹചര്യത്തിന്റെ ഗൗരവം ഉൾക്കൊണ്ട് ശരിയായ തീരുമാനമെടുത്ത മതനേതാക്കളോട് സർക്കാർ നന്ദി അറിയിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. സമൂഹത്തിന്റെ ആവശ്യം കണ്ടറിഞ്ഞ് പ്രവർത്തിക്കാനുള്ള നേതൃനിരയാണ് മതസാമുദായിക സംഘടനകൾക്കുള്ളത്. ഇത് സന്തോഷകരമായ കാര്യമാണ്. സമൂഹഭാവി കണക്കിലെടുത്ത് എല്ലാ കൂടിച്ചേരുലുകളും കൂട്ടപ്രാർഥനകളും മാറ്റിവെക്കാൻ ഏകകണ്ഠമായി തീരുമാനമെടുത്ത മതസാമുദായിക നേതാക്കളെ അഭിനന്ദിക്കുന്നതായും ഏറ്റവും വലിയ തീരുമാനമാണിതെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button