Top Stories
സംസ്ഥാനത്ത് ഇന്ന്19 പേർക്ക് കോവിഡ്
തിരുവനന്തപുരം : സംസ്ഥാനത്ത് 19 പേർക്കു കൂടി ഇന്ന് (ചൊവ്വാഴ്ച) കോവിഡ്-19 സ്ഥിരീകരിച്ചു. കണ്ണൂരിൽനിന്നുള്ള പത്തുപേർക്കും, പാലക്കാട്ടുനിന്നുള്ള നാലുപേർക്കും, കാസർകോട് സ്വദേശികളായ മൂന്നുപേർക്കും, മലപ്പുറം, കൊല്ലം ജില്ലകളിൽനിന്നുള്ള ഓരോരുത്തർക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
ഇതുവരെ സംസ്ഥാനത്ത് 426 പേർക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. ഇതിൽ 117 പേർ ചികിത്സയിലാണ്. കണ്ണൂരിൽ രോഗം സ്ഥിരീകരിച്ച 9 പേർ വിദേശത്തുനിന്ന് വന്നവരാണ്. ഒരാൾക്ക് സമ്പർക്കം മൂലമാണ രോഗം ബാധിച്ചത്. പാലക്കാടുനിന്നുള്ള ഒരാൾക്കും മലപ്പുറം, കൊല്ലം ജില്ലകളിൽനിന്നുള്ളവരും തമിഴ്നാട്ടിൽനിന്നു വന്നതാണ്.
16 പേർ ഇന്ന് രോഗമുക്തരായി. കണ്ണൂരിൽ ഏഴുപേരും കാസർകോട്ട് നാലുപേരും കോഴിക്കോട് നാലുപേരും തിരുവനന്തപുരത്ത് ഒരാളുമാണ് രോഗമുക്തരായത്.
സംസ്ഥാനത്ത് ആകെ 36,667 പേർ നിരീക്ഷണത്തിലുണ്ട്. ഇതിൽ 36,335 പേർ വീടുകളിലാണ് നിരീക്ഷണത്തിലുള്ളത്. ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളത് 332 പേരാണ്. ഇന്നു മാത്രം 102 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 20,252 സാമ്പിൾ പരിശോധനയ്ക്ക് അയച്ചു. ലഭ്യമായ 19,442 സാമ്പിളുകളിൽ രോഗബാധയില്ലെന്ന് തെളിഞ്ഞതായും മുഖ്യമന്ത്രി പറഞ്ഞു.