Top Stories
രാജ്യത്ത് ആരോഗ്യപ്രവര്‍ത്തകരെ ആക്രമിക്കുന്നത് ജാമ്യമില്ലാ കുറ്റമാക്കും
ന്യൂഡല്‍ഹി : രാജ്യത്ത് ആരോഗ്യപ്രവര്‍ത്തകരെ ആക്രമിക്കുന്നത് ജാമ്യമില്ലാ കുറ്റമാക്കി ഓർഡിനൻസുമായി കേന്ദ്രസർക്കാർ. ആരോഗ്യപ്രവർത്തകരെ ആക്രമിച്ചതായി തെളിഞ്ഞാൽ ഏഴു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമായിരിക്കും ചുമത്തുകയെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കർ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
ഗുരുതരമായി പരിക്കേൽപ്പിക്കുന്ന പക്ഷം അക്രമിക്ക് ആറു മാസം മുതൽ ഏഴു വർഷം വരെ ശിക്ഷ ലഭിക്കും. കൂടാതെ ഒരു ലക്ഷം മുതൽ അഞ്ചു ലക്ഷം രൂപ വരെ പിഴ ചുമത്തുകയും ചെയ്യും. ആക്രമത്തിന്റെ സ്വഭാവം ഗൗരവമുള്ളതല്ലെങ്കിൽ കുറ്റക്കാർക്ക് മൂന്നു മാസം മുതൽ അഞ്ചു വർഷം വരെ തടവുശിക്ഷ ലഭിക്കാം. ഇവരിൽനിന്ന് അമ്പതിനായിരം മുതൽ രണ്ട് ലക്ഷം രൂപ വരെ പിഴയീടാക്കാനും ഓർഡിനൻസിൽ വ്യവസ്ഥയുണ്ട്. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമായിരിക്കും കേസ്. 30 ദിവസത്തിനകം അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിക്കണം.വാഹനം തകര്‍ത്താല്‍ രണ്ട് ഇരട്ടി നഷ്ടപരിഹാരം ഈടാക്കും. എട്ട് ലക്ഷം രൂപവരെ പിഴ ഇടാക്കും. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പുവരുത്തുമെന്നും മന്ത്രിസഭാ യോഗത്തിനുശേഷം മന്ത്രി പറഞ്ഞു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കുനേരെ അക്രമങ്ങള്‍ നടക്കുന്ന പശ്ചാത്തലത്തിലാണ് കേന്ദ്ര നടപടി. കൊറോണ വൈറസ് സ്ഥിരീകരണത്തിനായി എത്തുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്കു നേരെ രാജ്യത്തിന്റെ പലമേഖലകളിലും ആക്രമണങ്ങൾ നടന്നിരുന്നു.