Top Stories
സംസ്ഥാനത്ത് 10 പേർക്കു കൂടി ഇന്ന് കോവിഡ്
തിരുവനന്തപുരം : സംസ്ഥാനത്ത് 10 പേർക്കു കൂടി ഇന്ന് (വ്യാഴാഴ്ച) കോവിഡ് സ്ഥിരീകരിച്ചു. ഇടുക്കിയിൽ നാലുപേർക്കും കോഴിക്കോട്, കോട്ടയം എന്നിവിടങ്ങളിൽ രണ്ടുപേർക്കും തിരുവനന്തപുരത്തും കൊല്ലത്തും ഓരോരുത്തർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. എട്ടുപേർ ഇന്ന് രോഗമുക്തരായി. കാസർകോട് ആറുപേർക്കും മലപ്പുറം, കണ്ണൂർ എന്നിവിടങ്ങളിൽ ഓരോരുത്തർക്കുമാണ് ഇന്ന് പരിശോധനാഫലം നെഗറ്റീവായത്. തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇക്കാര്യം അറിയിച്ചത്.
ഇന്നു രോഗം സ്ഥിരീകരിച്ച 4 പേർ അയൽ സംസ്ഥാനങ്ങളിൽനിന്നും 2 പേർ വിദേശത്തുനിന്നും വന്നവരാണ്. 4 പേർക്ക് സമ്പർക്കം മൂലമാണ് കോവിഡ് ബാധിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ 447 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 129 പേർ ചികിത്സയിലാണുള്ളത്. സംസ്ഥാനത്ത് ആകെ നിരീക്ഷണത്തിലുള്ളത് 23,876 പേരാണ്. ഇതിൽ 23,439 പേർ വീടുകളിലും 437 പേർ ആശുപത്രികളിലുമാണ് നിരീക്ഷണത്തിലുള്ളത്. ഇന്നുമാത്രം 148 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ 21,334 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. 20,326 എണ്ണത്തിൽ രോഗബാധയില്ലെന്ന് ഉറപ്പാക്കി.