Top Stories
ഇന്ത്യയിൽ കോവിഡ് രോഗികളുടെ എണ്ണം 20,000 കടന്നു
ന്യൂഡൽഹി : ഇന്ത്യയിൽ കോവിഡ് രോഗികളുടെ എണ്ണം 20,000 കടന്നു. രാജ്യത്ത് 20,471 പേർക്കാണ് ഇന്നലെ വരെ രോഗം സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം 1486 പേർക്ക് രോഗം സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടയിൽ 49 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ മരണം 652 ആയി ഉയർന്നു.
ഏപ്രിൽ 2 ന് 211 ജില്ലകളിലായിരുന്നു രോഗം സ്ഥിരീകരിച്ചത്. ഇപ്പോൾ അത് 403 ജില്ലകളിലേക്ക് വ്യാപിച്ചു. രാജ്യത്തെ ആകെ കേസുകളുടെ 45 ശതമാനം ആറ് പ്രധാന നഗരങ്ങളിലാണ്. മൂവായിരത്തിലധികം കേസുകളുമായി മുംബൈയാണ് മുന്നിൽ. ഡൽഹി 2,081, അഹമ്മദാബാദ് 1,298, ഇൻഡോർ 915, പൂനെ 660, ജയ്പൂർ 537 എന്നിങ്ങനെയാണ് കേസുകൾ.
രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകളുള്ള മഹാരാഷ്ട്രയിൽ ഇന്നലെ 431 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 5649 ആയി.18 പേരാണ് ഇന്നലെ മരിച്ചത്. ഇതിൽ 10 ഉം മുംബൈയിലാണ്. മുംബൈയിൽ കൊവിഡ് ബാധിച്ച ആരോഗ്യ പ്രവർത്തകരുടെ എണ്ണം 300 കടന്നു.
കേസുകൾ ഉയരുന്നുണ്ടെങ്കിലും സുഖം പ്രാപിച്ച ആളുകളുടെ എണ്ണത്തിൽ പുരോഗതി രേഖപ്പെടുത്തുന്നുണ്ട്. 19.36 ശതമാനമാണ് ഇന്ന് രാവിലത്തെ രോഗമുക്തി നിരക്ക്. മാർച്ച് 25 ന് ആരംഭിച്ച രാജ്യവ്യാപക ലോക്ക് ഡൗണിന് ശേഷം രോഗവ്യാപനത്തിന്റെ നിരക്ക് കുറയുന്നതായി സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.
അതേസമയം, കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടപടികള്‍ വിലയിരുത്തുന്നതിന് പ്രധാനമന്ത്രി നരേന്ദ്രമോദി എല്ലാ സംസ്ഥാനങ്ങളിലേയും മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചിട്ടുണ്ട്. തിങ്കളാഴ്ചയാണ് വീഡിയോ കോൺഫറന്‍സ് വഴി യോഗം ചേരുന്നത്. നേരത്തെ രണ്ട് തവണ വീഡിയോ കോൺഫറസിലൂടെ പ്രധാനമന്ത്രി കൊവിഡ് ലോക്ഡൗൺ നടപടികള്‍ വിലയിരുത്തിയിരുന്നു. രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം ഉയരുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രി വീണ്ടും മുഖ്യമന്ത്രിമാരെ കാണുന്നത്. വിമാനസർവ്വീസ് തുടങ്ങുന്നതുൾപ്പടെയുള്ള കാര്യങ്ങളിൽ സംസ്ഥാനങ്ങളുടെ നിലപാട് പ്രധാനമന്ത്രി ആരാഞ്ഞേക്കും.