Top Stories
ചുമട്ടുതൊഴിലാളിയ്ക്ക് കോവിഡ്; കോട്ടയം മാർക്കറ്റ് അടച്ചു
കോട്ടയം : ജില്ലയിൽ ഇന്ന് രണ്ട് കോവിഡ് പോസിറ്റീവ് കേസുകളാണ് സ്ഥിരീകരിച്ചത്. ഒരാൾ കോട്ടയം മാർക്കറ്റിലെ ചുമട്ടുതൊഴിലാളിയും മറ്റൊരാൾ ആരോഗ്യപ്രവർത്തകനുമാണ്.ഇവരുടെ റൂട്ട് മാപ്പ് എടുക്കുന്നതും അവരുമായി ബന്ധപ്പെട്ടവരുടെ വിവരങ്ങൾ ശേഖരിക്കുന്നതിനുമുള്ള നടപടികൾ സ്വീകരിച്ചു വരികയാണെന്ന് കോട്ടയം കളക്ടർ പി.കെ.സുധീർബാബു അറിയിച്ചു.
ചുമട്ടുതൊഴിലാളിക്ക് കോവിഡ്-19 സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ കോട്ടയം മാർക്കറ്റ് അടച്ചു. പാലക്കാട്ടുനിന്ന് ലോഡുമായി വന്ന ലോറി ഡ്രൈവറുടെ സഹായിൽ നിന്നാകാം ചുമട്ടുതൊഴിലാളിക്ക് രോഗം പകർന്നതെന്നാണ് സൂചന. എന്നാൽ ഡ്രൈവറുടെ സഹായിക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടില്ല. മറ്റേതെങ്കിലും വഴിയാണോ ഇദ്ദേഹത്തിന് രോഗം വന്നതെന്നും അന്വേഷിക്കുന്നുണ്ട്.
കോവിഡ് സ്ഥിരീകരിച്ച രണ്ടാമത്തെയാൾ മാർച്ച് 24നാണ് തിരുവനന്തപുരത്തുനിന്ന് കോട്ടയത്തെത്തിയത്. ഇവിടെയാണ് രോഗിയുടെ വീട്. പിന്നീട് തിരിച്ചു പോയിട്ടില്ല. വീട്ടിൽത്തന്നെ കഴിയുകയായിരുന്നു. കോവിഡ് ലക്ഷണങ്ങളെ തുടർന്ന് ആശുപത്രിയിൽ വന്ന് പരിശോധനയ്ക്ക് വിധേയമായി. തുടർന്ന് ഇന്ന് രോഗം സ്ഥിരീകരിക്കുകയായിരുന്നു.
ജില്ലയിൽ വീണ്ടും കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കി. അനാവശ്യയാത്രകൾ നിരോധിച്ചിട്ടുണ്ട്. അവശ്യസർവീസുകൾക്കു മാത്രമേ അനുമതിയുള്ളൂ. പനച്ചിക്കാട്, വിജയപുരം പഞ്ചായത്തുകൾ ഹോട്ട്സ്പോട്ടായി പ്രഖ്യാപിക്കാനും കർശന നടപടികൾ സ്വീകരിക്കാനും നടപടിയെടുത്തിട്ടുണ്ട്. നാളെ കോട്ടയം മാർക്കറ്റിൽ അഗ്നിരക്ഷാസേനയുടെ സഹായത്തോടെ ശുചീകരണ പ്രവർത്തനം നടത്തും. ഹോട്ട്സ്പോട്ടുകളായി പ്രഖ്യാപിച്ച പഞ്ചായത്തുകളിൽ പ്രസിഡന്റുമാരുടെ നേതൃത്വത്തിൽ ബോധവത്കരണ പരിപാടികളും ശുചീകരണ പ്രവർത്തനങ്ങളും നടത്തും.