News
പാനൂരിൽ നാലാം ക്ലാസുകാരിയെ അധ്യാപകൻ പീഢിപ്പിച്ച കേസ് ക്രൈം ബ്രാഞ്ചിന് വിട്ടു
കണ്ണൂർ : പാനൂരിൽ നാലാം ക്ലാസുകാരിയെ അധ്യാപകൻ സ്കൂളിലെ ശുചിമുറിയിൽ വച്ചു പീഢിപ്പിച്ച കേസ് ക്രൈം ബ്രാഞ്ചിന് വിട്ടു. പൊലീസിന്റെ ഭാഗത്ത് നിന്ന് കേസന്വേഷണത്തിൽ ഗുരുതര വീഴ്ചയുണ്ടായെന്ന ആരോപണത്തിന് പിന്നാലെയാണ് കേസ് ക്രൈം ബ്രാഞ്ചിന് വിടുന്നത്. ക്രൈം ബ്രാഞ്ച് ഐജി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്.
ബിജെപി നേതാവും അധ്യാപകനുമായ കുനിയിൽ പദ്മരാജൻ നാലാം ക്ലാസുകാരിയായ വിദ്യാർത്ഥിനിയെ സ്കൂളിലെ ശുചിമുറിയിൽ വച്ച് നിരവധി തവണ പീഡിപ്പിച്ചെന്നാണ് കേസ്. പ്രതിക്കെതിരെ ഇരയായ പെൺകുട്ടിയുടെ സഹപാഠി പൊലീസിന് മൊഴി നൽകിയിരുന്നു.
എന്നാൽ പൊലീസിന്റെ അന്വേഷണത്തിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ശിശുക്ഷേമ സമിതി ഉയർത്തിയത്. പോക്സോ കേസ് കൈകാര്യം ചെയ്യുന്നതിൽ അന്വേഷണ ഉദ്യോഗസ്ഥർ ഗുരുതര വീഴ്ച്ച വരുത്തിയെന്ന് ശിശുക്ഷേമ സമിതി ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനെ തുടർന്നാണ് അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറിയത്.